കോവിഡ് വ്യാപനം: ആശുപത്രികളിൽ മാസ്ക് ഉപയോഗിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആശുപത്രികളിൽ മാസ്ക് ഉപയോഗിക്കണമെന്ന് ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗത്തിൽ നിർദേശം. ആരോഗ്യപ്രവർത്തകരും ആശുപത്രികളിൽ എത്തുന്ന രോഗികളും മാസ്ക് ഉപയോഗിക്കണമെന്നാണ് നിർദേശം. മാസ്ക് നിർബന്ധമാക്കിയിട്ടില്ലെങ്കിലും മുൻകരുതലായും രോഗ വ്യാപനം തടയാനും ഉപയോഗിക്കണമെന്നാണ് നിർദേശം.
കോവിഡ് രോഗ വ്യാപനം നിയന്ത്രണ വിധേയമാണെന്ന് ഉന്നതതല യോഗം വിലയിരുത്തി. അനാവശ്യ ഭീതി വേണ്ടെന്നും കടുത്ത നിയന്ത്രണങ്ങൾ വേണ്ടെന്നും യോഗത്തിൽ തീരുമാനമായി. കേസുകളിൽ വർധന എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് കോവിഡ് കേസുകളിൽ വർധനവുള്ളതെന്നും ഇവിടങ്ങളിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണെന്നും യോഗത്തിൽ നിർദേശമുയർന്നു. ആവശ്യത്തിന് ഐസൊലേഷൻ, ഐസിയു ബെഡുകൾ ഉറപ്പാക്കണമെന്നും യോഗം നിർദേശം നൽകി.
മരണകണക്കിൽ ആശങ്ക വേണ്ടെന്നും യോഗം വ്യക്തമാക്കി. റാൻഡം പരിശോധന നടത്തേണ്ടെന്നും രോഗലക്ഷണങ്ങൾ ഉള്ളവരിൽ മാത്രം പരിശോധന നടത്തിയാൽ മതിയെന്നും ഉന്നതതല യോഗം നിർദേശിച്ചു.
അതേസമയം,അതിവേഗം പടരുന്ന കോവിഡിന്റെ ജെഎൻ വൺ വകഭേദം കേരളത്തിന് ആശങ്കയായി തുടരുകയാണ്. ഇന്നലെ 115 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആക്ടീവ് കേസുകളുട എണ്ണം 1749 ആയി ഉയർന്നു. കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് കഴിഞ്ഞ ദിവസം കേന്ദ്രം മാർഗനിർദേശം പുറത്തിറക്കിയിരുന്നു. മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്രം. കൊവിഡ് കേസുകൾ ഉയരുന്നതിൽ നിതാന്ത ജാഗ്രത വേണമെന്നാണ് നിർദ്ദേശം. പരിശോധന ഉറപ്പാക്കണം, രോഗം സ്ഥിരീകരിക്കുന്ന സാമ്പിളുകൾ ജനിതക ശ്രേണീ പരിശോധനയ്ക്ക് അയക്കണം, ഉത്സവക്കാലം മുന്നിൽ കണ്ട് രോഗം പടരാനുള്ള സാധ്യത ഒഴിവാക്കണം എന്നിങ്ങനെയാണ് നിർദ്ദേശങ്ങൾ.