Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പഴയ നിഴൽ പോലും നഷ്ടപ്പെട്ട സിപിഐ

11:30 AM Sep 30, 2024 IST | Online Desk
Advertisement

ഡോ. ശൂരനാട് രാജശേഖരൻ

Advertisement

2017 നവംബർ 15. അന്നൊരു ബുധനാഴ്ചയായിരുന്നു. പതിവു പോലെ സംസ്ഥാന മന്ത്രിസഭ യോഗം ചേരേണ്ട ദിവസം. തലേ ദിവസം രാത്രി വൈകിയും ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയൻ തിരക്കിട്ട കൂടിയാലോചനകളിലായിരുന്നു. കോടിയേരി ബാലകൃഷ്ണൻ, എം.വി. ജയരാജൻ, എ.കെ. ബാലൻ തുടങ്ങിയ അടുപ്പക്കാരെല്ലാം പല തവണ വന്നു പോയി. എല്ലാവരുടയും ആലോചന ഒരേയൊരു കാര്യം മാത്രം. മന്ത്രിസഭയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സിപിഐയെ എങ്ങനെ മെരുക്കും? നാളെ നടക്കേണ്ട മന്ത്രിസഭാ യോഗത്തിൽ അവരെന്ത് നിലപാട് എടുക്കും എന്നായിരുന്നു എല്ലാവരുടെയും പേടി. എൻസിപി നേതാവും കായൽ രാജാവും റിസോർട്ട് ഉടമയുമായ ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരേ കേരള ഹൈക്കോടതി അതീവ ഗുരുതരമായ പരാമർശങ്ങൾ നടത്തിയ ദിവസമാണു കഴിഞ്ഞുപോകുന്നത്. സംസ്ഥാന റവന്യൂ ഭൂമി സംരക്ഷണ നിയമങ്ങളെല്ലാം അട്ടിമറിച്ച് അദ്ദേഹം വ്യാപകമായി കായൽ കൈയേറി നികത്തി റിസോർട്ടും മൈതാനവും റോഡും ബീച്ചുമൊക്കെ നിർമിച്ചതാണ് പ്രകോപനം. സമുന്നത കോടതിയിൽ നിന്ന് ഇത്തരം പരാമർശമുണ്ടാക്കിയ ഒരാളെ മന്ത്രിസഭയിൽ തുടരാൻ അനുവദിക്കുന്നത് അധാർമികമാണ്. മുഖ്യമന്ത്രിയാണ് അതു സംബന്ധിച്ചു തീരുമാനമെടുക്കേണ്ടത്. കെ. കരുണാകരനടക്കം പല മുഖ്യമന്ത്രിമാരും അക്കാര്യം നടപ്പാക്കി മാതൃകയായിട്ടുണ്ട്.

പിണറായി വിജയൻ അതിനു തയാറാവാതെ വന്നപ്പോൾ സിപിഐ തോമസ് ചാണ്ടിയുടെ രാജിക്കാര്യം മുഖ്യമന്ത്രിയോട് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. അവശനെങ്കിലും വി.എസ്. അച്യുതാനന്ദനും ഇതേ ആവശ്യം ഉന്നയിച്ചു. എന്നാൽ പിണറായി വിജയൻ അതെല്ലാം തള്ളി. താനാണു മുഖ്യമന്ത്രി, താൻ തീരുമാനിക്കുന്നതു പോലെ മാത്രമേ കാര്യങ്ങൾ നടക്കൂ എന്നായിരുന്നു പിണറായിയുടെ ഭാവം.
17നു രാവിലെ എട്ട് മണിയോടെ മന്ത്രി തോമസ് ചാണ്ടിയും എൻസിപി സംസ്ഥാന അധ്യക്ഷൻ ടി.പി പീതാംബരനും മുഖ്യമന്ത്രിയെ ഔദ്യോഗിക വസതിയിലെത്തി കണ്ടു. രാജിക്കാര്യത്തിൽ സാവകാശം വേണമെന്നായിരുന്നു ആവശ്യം. മുഖ്യമന്ത്രി അവരെ ആശ്വസിപ്പിച്ചു പറഞ്ഞുവിട്ടു. രാവിലെ പത്തു മണിയോടെ സെക്രട്ടേറിയറ്റിലെ ഓഫീസിലെത്തിയ പിണറായി വിജയന്റെ മുന്നിലേക്ക് സിപിഐ ആസ്ഥാനമായ എംഎൻ സ്മാരകത്തിൽ നിന്ന് ഒരു കുറിപ്പ് എത്തി. കുറിപ്പ് കണ്ട് പിണറായി വിജയൻ അക്ഷരാർഥത്തിൽ ഞെട്ടി.

ആരോപണ വിധേയനായ മന്ത്രി തോമസ് ചാണ്ടി പങ്കെടുക്കുന്ന അന്നത്തെ മന്ത്രിസഭാ യോഗത്തിൽ സിപിഐയുടെ നാലു പ്രതിനിധികളും പങ്കെടുക്കില്ലെന്നായിരുന്നു പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രന്റെ കുറിപ്പ്. മുതിർന്ന മന്ത്രി ഇ ചന്ദ്രശേഖരനാണ് മുഖ്യമന്ത്രിക്കു കത്ത് കൈമാറിയത്. ചരിത്രത്തിലാദ്യമായി ഇരട്ടച്ചങ്കന്റെ ചങ്കൊന്നുലഞ്ഞു. സിപിഐയിൽ നിന്ന് ഇത്ര കടുത്തൊരു നിലപാട് പിണറായി പ്രതീക്ഷിച്ചതേയില്ല. കേരളത്തിന്റെ ചരിത്രത്തിൽ അതേവരെ ഇത്ര കടുപ്പിച്ചൊരു നിലപാട് ഒരു ഘടകകക്ഷിയും സ്വീകരിച്ചിട്ടുമില്ല.
അന്നത്തെ മന്ത്രിസഭാ യോഗത്തിലും തോമസ് ചാണ്ടി പങ്കെടുത്തു. പക്ഷേ, സിപിഐ മന്ത്രിമാരായ ഇ ചന്ദ്രശേഖരൻ, പി. തിലോത്തമൻ, കെ. രാജു, വി.എസ്. സുനിൽ കുമാർ എന്നിവർ തലസ്ഥാനത്തുണ്ടായിട്ടും പങ്കെടുത്തില്ല.

അരമണിക്കൂറിന്നുള്ളിൽ മന്ത്രിസഭാ യോഗം പിരിഞ്ഞു. ഔദ്യോഗിക വാഹനത്തിൽ മന്ത്രി തോമസ് ചാണ്ടി പൊലീസ് അകമ്പടിയോടെ കുട്ടനാട്ടിലേക്കു പോയി. അതേ സമയത്തു തന്നെ മന്ത്രിയുടെ രാജിക്കത്തുമായി എൻസിപി അധ്യക്ഷൻ പീതാംബരൻ മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും പോയി. ഈ സമയത്തെല്ലാം എംഎൻ സ്മാരകത്തിൽ ലഡു പൊട്ടുകയായിരുന്നു.
അതായിരുന്നു 2017ലെ സിപിഐ. അതിനു മുൻപ് സാക്ഷാൽ ഇഎംഎസ് നമ്പൂതിപ്പാടിനെയും ചടയൻ ഗോവിന്ദനെയും പിണറായി വിജയനെയുമൊക്കെ വരച്ച വരയിൽ നിർത്തിയിരുന്ന പാർട്ടി. വെളിയം ഭാർഗവനെയും സി.കെ. ചന്ദ്രപ്പനെയും പോലുള്ള സിപിഐ നേതാക്കളെ അങ്ങോട്ടു ചെന്നു കാണുന്ന സിപിഎം സെക്രട്ടറിമാരുള്ള കാലമുണ്ടായിരുന്നു സിപിഐക്ക്. അങ്ങനെയൊരു സിപിഐയെ ഇന്നു കണികാണാൻ കിട്ടുമോ? പിണറായി വിജയൻ നിൽക്കാൻ പറയുമ്പോൾ ഇഴയാൻ തുടങ്ങുന്ന അഭിനവ സിപിഐ നേതൃത്വത്തോട് അവരുടെ അണികൾക്കു പോലും സഹതാപമാണ്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തങ്ങളുടെ രണ്ടു പ്രമുഖ സ്ഥാനാർഥികളെ പരാജയപ്പെടുത്താൻ ബിജെപിയിൽ നിന്ന് അച്ചാരം വാങ്ങിയ പിണറായിക്കു മുന്നിൽ ഇപ്പോഴും ഓച്ചാനിച്ചു നില്ക്കുകയാണ് സിപിഐ. തിരുവനന്തപുരത്ത് പാർട്ടിയുടെ മുതിർന്ന നേതാവിനെ പരാജയപ്പെടുത്താൻ ബിജിപെയിലെ സഹസ്രകോടീശ്വരനും മാധ്യമ മഹാരാജാവുമായ രാജീവ് ചന്ദ്രശേഖറുമായി സിപിഎം കൈ കോർത്തു. പക്ഷേ, ശശി തരൂർ എന്ന വിശ്വപൗരന്റെ വിശ്വാസ്യതയെ വിലയ്ക്കെടുക്കാൻ സിപിഎമ്മിനായില്ല.
അതേ സമയം, നരേന്ദ്ര മോദിക്കു നല്കിയ ഉറപ്പ് നടപ്പാക്കാൻ തൃശൂരിൽ പിണറായി വിജയനു കഴിഞ്ഞു. അതിനു ബലി കൊടുത്തത് തൃശൂർ പൂരമെന്ന കേരളത്തിന്റെ സാംസ്കാരിക മഹോത്സവവും സിപിഐയുടെ ആത്മാഭിമാനവും ആയിരുന്നു.
കോൺഗ്രസ് സ്ഥാനാർഥി കെ. മുരളീധരന്റെ വിജയം അട്ടമറിക്കാൻ മത ന്യൂനപക്ഷങ്ങളിലെ ചിലരെ കൈയിലെടുത്തും ഭൂരിപക്ഷ വർഗീയതയെ ചെങ്കൊടിയിട്ടു പുതപ്പിച്ചും സിപിഎം നടത്തിയ രാഷ്ട്രീയ നെറികേടിന്റെ ഫലമാണ് തൃശൂരിൽ കെ. മുരളീധരന്റെയും വി.എസ്. സുനിൽ കുമാറിന്റെയും പാരജയം.

തന്നെ പരാജയപ്പെടുത്താൻ മാത്രമല്ല, മന്ത്രി കെ. രാജനെ അപായപ്പെടുത്താനും പൂരം നഗരയിൽ ശ്രമം നടന്നു എന്നാണു വി.എസ്. സുനിൽ കുമാർ ഉന്നയിക്കുന്ന പുതിയ ആരോപണം. എന്നിട്ടു പോലും സിപിഎമ്മിന്റെയും പിണറായി വിജയന്റെയും മുന്നിൽ വാലാട്ടി നിൽക്കുന്ന സിപിഐയോട് കേരളീയ പൊതുസമൂഹത്തിന് വല്ലാത്തൊരറപ്പുണ്ടെന്ന കാര്യം തീർച്ച.
തൃശൂർ പൂരം കലക്കി, അവിടെ ബിജിപി സ്ഥാനാർഥിയെ വിജയിപ്പിക്കുന്നതിനു ചുക്കാൻ പിടിച്ച സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ. അജിത്ത് കുമാറിനെ ആ പദവിയിൽ നിന്നു മാറ്റി നിർത്തണമെന്ന് സിപിഐ നേതൃത്വം ആവശ്യപ്പെടാൻ തുടങ്ങിയിട്ട് മാസമൊന്നായി. പാർട്ടി സെക്രട്ടറി ബിനോയ് വിശ്വം തന്നെ തുടക്കം മുതൽ ഇക്കാര്യം ഉന്നയിക്കുന്നുണ്ട്. ഇതു സംബന്ധിച്ച് പാർട്ടി മുഖപത്രത്തിൽ മുതിർന്ന നേതാവ് അഡ്വ. പ്രകാശ് ബാബു നടത്തിയ പ്രതികരണത്തോടു മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു ശിപായി പോലും പ്രതികരിച്ചതുമില്ല. എന്നിട്ടും മുഖ്യമന്ത്രി വിളിക്കുന്ന മന്ത്രിസഭാ യോഗങ്ങളിൽ കാലേകൂട്ടിയെത്തി പിണറായി സ്തുതി നടത്തി മടങ്ങുകയാണ് സിപിഐ മന്ത്രിമാർ.
കേരളത്തിലെ ഏതെങ്കിലും ഒരു പൊലീസ് സ്റ്റേഷനിലേക്ക് ഒരു അത്യാവശ്യ കാര്യത്തിനു ഫോണിൽ വിളിക്കാനുള്ള സ്വാതന്ത്ര്യമോ അവകാശമോ ഇല്ലാത്തവരാണ് കേരളത്തിലെ സിപിഐ മന്ത്രിമാരെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. ഓർക്കുന്നില്ലേ, 2022 ഓഗസ്റ്റിൽ ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ അനിലിനുണ്ടായ അനുഭവം? തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎൽഎ കൂടിയാണ് മന്ത്രി. ഒരു വീട്ടമ്മ നൽകിയ പരാതിയെക്കുറിച്ച് സംസാരിക്കാൻ ഇതേ മണ്ഡലത്തിൽ തന്നെയുള്ള വട്ടപ്പാറ പൊലീസ് സ്റ്റേഷനിലേക്ക് മന്ത്രി ഫോൺ വിളിച്ചു. ഫോണെടുത്ത എസ്എച്ച്ഒ ഡി ഗിരിലാൽ മന്ത്രിയോടു തട്ടിക്കയറിയ കഠോരവാക്കുകൾ കേരളയീരെല്ലാം കേട്ടു കോൾമയിർ കൊണ്ടതാണ്.

എന്നിട്ടോ? ഈ പൊലീസ് ഉദ്യോഗസ്ഥനെതിരേ ഒരു ചെറുവിരലനക്കിയില്ല, ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ. ഒടുവിൽ മന്ത്രി അനിൽ നാണം കെട്ട് അന്നത്തെ ഡിജിപി അനിൽ കാന്തിന് രേഖാമൂലം ഒരു പരാതി എഴുതി നൽകിയപ്പോൾ സിഐ ഗിരിലാലിനെ കൂടുതൽ സൗകര്യപ്രദമായ പദവിയിലേക്കു സ്ഥലം മാറ്റി; അല്ല സ്ഥാനക്കയറ്റം നൽകി ആദരിച്ചു. എന്നിട്ടും തൊട്ടടുത്ത ബുധനാഴ്ചയിലെ മന്ത്രിസഭാ യോഗത്തിൽ അനിലടക്കം നാലു സിപിഐ മന്ത്രിമാരും കുനിഞ്ഞു കുമ്പിട്ടു തന്നെയിരുന്നു.
കള്ളക്കടത്തുകാരുടെ ഏജന്റും കള്ളപ്പണത്തിന്റെ കൈവശക്കാരനുമാണ് എഡിജിപി അജിത് കുമാറെന്നു തുറന്നു പറഞ്ഞ സിപിഎം എംഎൽഎ പി.വി അൻവറിനെ പാർട്ടി പുറത്താക്കി. ഇക്കാര്യം നേരത്തേ പറഞ്ഞ ബിനോയ് വിശ്വത്തോടും പ്രകാശ് ബാബുവിനോടും വി.എസ്. സുനിൽ കുമാറിനോടും പിണറായി ക്ഷമിച്ചത്, സിപിഐ ഇല്ലാതെ തനിക്കു ഭരണക്കച്ചവടം നടത്താൻ കഴിയില്ലെന്ന് അറിയാവുന്നതു കൊണ്ടാണ്. ഇതല്ല, ഭരണമെന്നും ഇങ്ങനെയല്ല ഭരിക്കേണ്ടതെന്നും സിപിഐക്ക് അറിയാത്തതു കൊണ്ടും. രണ്ടു തവണ കേരളം ഭരിച്ച മുഖ്യമന്ത്രിമാരുടെ പാർട്ടിയാണു തങ്ങളുടേതെന്നെങ്കിലും അവരൊന്നോർത്താൽ കൊള്ളാം.

തൃശൂർ പൂരം കലക്കി ബിജിപി സ്ഥാനാർഥിയെ വിജയിപ്പിക്കുകയും തങ്ങളുടെ സഖാവായ മന്ത്രി കെ. രാജനെ അപായപ്പെടുത്താൻ ചരട് വലിക്കുകയും ചെയ്ത ഒരു എഡിജിപിയെ തൽസ്ഥാനത്തു നിന്നു മാറ്റാതെ ഇനി മന്ത്രിസഭാ യോഗത്തിനും ഇടതു മുന്നണി യോഗത്തിനും തങ്ങളില്ലെന്ന് അറത്തുമുറിച്ചു പറയാനുള്ള ആർജവം സിപിഐ നേതൃത്വത്തിനുണ്ടാകണം. അതിന് എൻ.ഇ ബലറാം, ടി.വി തോമസ്, എം.എൻ ഗോവിന്ദൻ നായർ, സി. അച്യുതമേനോൻ, വെളിയം ഭാർഗവൻ, സി.കെ. ചന്ദ്രപ്പൻ തുടങ്ങിയവരെപ്പോലെ നെട്ടെല്ലുള്ള നേതാക്കളുണ്ടാകണമെന്നു മാത്രം.

Tags :
featuredPolitics
Advertisement
Next Article