Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

വയനാട് ലോക്സഭാ സീറ്റിൽ സിപിഐ തന്നെ മൽസരിക്കും: ബിനോയ് വിശ്വം

07:33 PM Dec 28, 2023 IST | Veekshanam
Advertisement

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ സിപിഐ സ്ഥാനാർത്ഥിക്ക് പകരം മറ്റൊരാളെ നിർത്തണമെന്നത് സംബന്ധിച്ച് ഇടതുമുന്നണിയിൽ അഭിപ്രായങ്ങൾ ഉടലെടുക്കുന്നതിനിടെ, അവിടെ സിപിഐ സ്ഥാനാർത്ഥി തന്നെ മൽസരിക്കുമെന്ന് പ്രഖ്യാപിച്ച് പാർട്ടിയുടെ പുതിയ സെക്രട്ടറി ബിനോയ് വിശ്വം.
സംസ്ഥാന സെക്രട്ടറിയായി ഔദ്യോഗികമായി തെരഞ്ഞെടുത്തതിന് പിന്നാലെ പട്ടം എംഎൻ സ്മാരകത്തിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ബിനോയ് വിശ്വം ഇക്കാര്യം അറിയിച്ചത്. ദേശീയതലത്തിൽ ഇന്ത്യ സഖ്യത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ നേർക്കുനേർ വരുമോ എന്നത് ചർച്ചയാകുന്നത് കൂടി കണക്കിലെടുത്തായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം. ലോക്സഭാ തെരഞ്ഞെടുപ്പിൽ 20 സീറ്റുകളും വിജയിക്കുകയെന്നതാണ് ഇടതുമുന്നണിയുടെ ലക്ഷ്യം. കേരളത്തിൽ ഇടതുമുന്നണിയിലെ അവിഭാജ്യ ഘടകം ആണ് സിപിഐയെന്നും അദ്ദേഹം പറഞ്ഞു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെയും ബിനോയ് വിശ്വം വിമർശനമുയർത്തി. ഗവർണർ പദവി തന്നെ അനാവശ്യമാണെന്നും കൊളോണിയൽ വാഴ്ചയുടെ അവശേഷിപ്പാണതെന്നും അദ്ദേഹം പറഞ്ഞു. ഇല്ലാത്ത അധികാരങ്ങൾ പ്രയോഗിക്കാൻ ശ്രമിക്കുകയാണ് ഗവർണർ. ജനാധിപത്യ വ്യവസ്ഥിതിയോടുള്ള വെല്ലുവിളിയാണത്. അതേസമയം, സംസ്ഥാനത്ത് മാധ്യമ പ്രവർത്തകർക്കെതിരെയുള്ള പൊലീസ് വേട്ടയെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നൽകിയില്ല. മാധ്യമ പ്രവർത്തകർക്കെതിരായ കേസിന്റെ വിശദാംശങ്ങൾ അറിയില്ലെന്ന് ഒറ്റവാക്കിൽ മറുപടി. സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായിരുന്ന എപി ജയനെ എല്ലാ സ്ഥാനത്തു നിന്നും മാറ്റിയെന്നും തിരുത്തൽ നടപടിയുടെ ഭാഗമായാണ് നടപടിയെന്നും ബിനോയ്‌ വിശ്വം വ്യക്തമാക്കി.
ഇന്നലെ രാവിലെ നടന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ ഏകകണ്ഠമായാണ് ബിനോയ് വിശ്വത്തെ സെക്രട്ടറി പദവിയിലേക്ക് തെരഞ്ഞെടുത്തത്. ബുധനാഴ്ച ചേര്‍ന്ന സംസ്ഥാന എക്‌സിക്യൂട്ടീവിന്റെ നിര്‍ദേശം സംസ്ഥാന കൗണ്‍സില്‍ അംഗീകരിക്കുകയായിരുന്നു. തീരുമാനം ഒറ്റക്കെട്ടായി എടുത്തതാണെന്ന് സിപിഐ ദേശീയ സെക്രട്ടറി ഡി. രാജ മാധ്യമങ്ങളോട് പ്രതികരിച്ചു. നിലവില്‍ രാജ്യസഭ അംഗമായ ബിനോയ് വിശ്വം സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗമാണ്.പാർട്ടി മുഖമാസികയായ ന്യൂ ഏജ് വാരികയുടെ എഡിറ്ററും ഓള്‍ ഇന്ത്യ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസിന്റെ വര്‍ക്കിങ് പ്രസിഡന്റുമാണ്. 2006-2011 കാലഘട്ടത്തില്‍ വനം, ഭവനവകുപ്പ് മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Advertisement

Tags :
featuredkeralaPolitics
Advertisement
Next Article