ഡിസി ബുക്ക്‌സിനെതിരെ സിപിഎം സൈബര്‍ ആക്രമണം
കൊച്ചി: ഡിസി ബുക്ക്‌സിനെതിരെ സൈബര്‍ ആക്രമണം ആരംഭിച്ച് സിപിഎം. സിപിഐ(എം) സൈബര്‍ കോംറേഡ്‌സ് എന്ന പേരിലുള്ള ഫെയ്‌സ് ബുക്ക് പേജിലാണ് ഡിസി ബുക്ക്‌സിനെ അപമാനിക്കുന്ന തരത്തില്‍ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഇന്ന് രാവിലെ ഇ പി ജയരാജന്റെ 'കട്ടന്‍ ചായയും പരിപ്പു വടയും' എന്ന ആത്മകഥയിലെ ചില ഭാഗങ്ങള്‍ പുറത്തു വന്നിരുന്നു. സരിന്റെ സ്ഥാനാര്‍ത്ഥിത്വം ഉള്‍പ്പടെയുള്ള വിവാദ വിഷയങ്ങളെ കുറിച്ച് പുസ്തകത്തില്‍ പറയുന്നുണ്ട്. ഡി സി ബുക്‌സ് തന്റെ ആത്മകഥ പ്രസിദ്ധീകരിക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നെന്ന് ഇ പി ജയരാജന്‍ പറഞ്ഞിരുന്നു. ഇതിനു ശേഷമാണ് സൈബര്‍ സഖാക്കള്‍ ഡിസി ബുക്ക്‌സിനെതിരെ രംഗത്തെത്തിയത്.
പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി സരിനെതിരെ കടുത്ത വിമര്‍ശനം ഇപി തന്റെ ആത്മകഥയിലൂടെ പറയുന്നുണ്ട്. ചേലക്കര, വയനാട് തെരഞ്ഞെടുപ്പ് ദിവസം തന്നെ ഇത്തരത്തില്‍ വിവാദ വിഷയങ്ങള്‍ ഉയര്‍ന്നു വന്നത് പാര്‍ട്ടിക്കു തന്നെ ക്ഷീണമായെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ പറയുന്നു.
പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി സരിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ചും ഇ പി ആത്മകഥയില്‍ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. സരിന്‍ അവസര വാദിയാണ്. സ്വതന്ത്രര്‍ വയ്യാവേലി ആകുന്നത് ഓര്‍ക്കണം. ഇ എം എസ് തന്നെ ഇക്കാര്യം പറഞ്ഞു. അന്‍വറിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടിയാണ് ഇപിയുടെ വിമര്‍ശനം.