മുൻപേ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടും പ്രചാരണത്തിൽ പിന്നിലായി എൽഡിഎഫ്
കൊച്ചി: കേരളത്തിലെ മുഴുവൻ ലോക്സഭാ മണ്ഡലങ്ങളിലും എൽഡിഎഫ് സ്ഥാനാർത്ഥികളെ ആദ്യം തന്നെ പ്രഖ്യാപിച്ചിരുന്നു. ആദ്യഘട്ടത്തിൽ കേരള കോൺഗ്രസ് എമ്മും പിന്നീട് സിപിഐയും അതിനുശേഷം സിപിഎമ്മും മുഴുവൻ മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയായിരുന്നു. ആദ്യം തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടും പ്രചാരണ രംഗത്ത് എൽഡിഎഫ് ഏറെ പിന്നിലാണ്. സ്ഥാനാർത്ഥികളുടെ ഗ്ലാമർ ചിത്രങ്ങൾ മണ്ഡലത്തിന്റെ മുക്കിലും മൂലയിലും ഇടം പിടിച്ചിട്ടും ജനഹൃദയങ്ങളിൽ ഇടം നേടുന്നില്ല. പ്രധാനമായും സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നയങ്ങളിൽ കൃത്യമായ രോഷം പൊതുസമൂഹത്തിനുണ്ട്. എല്ലാ വിഭാഗം ജനങ്ങളെയും ബുദ്ധിമുട്ടിലാക്കിയ സംസ്ഥാന സർക്കാരിനെതിരായ വികാരം സാധാരണക്കാർ ഇടത് സ്ഥാനാർത്ഥികൾക്ക് നേരെയും പ്രകടിപ്പിക്കുന്നുണ്ട്. ഭരണത്തിന്റെ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് കോടികൾ മുടക്കിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് എൽഡിഎഫ് ഈ തവണ ലക്ഷ്യം വെക്കുന്നത്. പലയിടങ്ങളിലും ഇവന്റ് മാനേജ്മെന്റ് സംവിധാനങ്ങളാണ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് പോലും. സാമൂഹിക മാധ്യമങ്ങളിലും വൻ തുക ചെലവഴിച്ചുള്ള പ്രചാരണം പാർട്ടി തുടങ്ങി കഴിഞ്ഞു. ഇതിനെല്ലാം പുറമേ ഓൺലൈൻ മാധ്യമങ്ങൾ വിലയ്ക്ക് വാങ്ങിയും നിയന്ത്രിച്ചും പ്രചാരണം നടത്തുന്നുണ്ട്. എത്രകണ്ട് ശ്രമിച്ചിട്ടും പാർട്ടി വിചാരിക്കുന്നതുപോലെ പ്രചാരണം എവിടെയും എത്തുന്നില്ല. സാമൂഹിക മാധ്യമങ്ങളിൽ സർക്കാരിനെതിരായ പോസ്റ്റുകളും കമന്റുകളുമാണ് നിറയുന്നത്. സ്ഥാനാർത്ഥികളുടെ ചിത്രങ്ങളും വീഡിയോകളും മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രവും വീഡിയോയും ബാക്ഗ്രൗണ്ട് സംഗീതമൊക്കെ ചേർത്ത് പ്രചരിപ്പിച്ചിട്ടും അതൊന്നും ഫലം കാണുന്നതേയില്ല. മാത്രവുമല്ല, എൽഡിഎഫ് സ്ഥാനാർത്ഥികൾ രാജ്യത്ത് എവിടെയും ബിജെപിയുമായി നേർക്കുനേർ ഏറ്റുമുട്ടുന്നില്ലെന്ന വസ്തുതയും പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ബിജെപിയോടുമുള്ള സിപിഎം ബാന്ധവവും സാമൂഹ്യ മാധ്യമങ്ങൾ തുറന്നുകാട്ടുന്നുണ്ട്.