സിപിഎം ആക്രമണം; പരുക്കേറ്റ ആർഎംപി പ്രവർത്തകരെ ഷാഫി പറമ്പിൽ സന്ദർശിച്ചു
വടകര: തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനിടെ സിപിഎം ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ആർഎംപി പ്രവർത്തകരെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ സന്ദർശിച്ചു. കഴിഞ്ഞ ദിവസം അഴിയൂർ ചിറയിൽ പീടികയിൽ വെച്ചാണ് ആർഎംപി പ്രവർത്തകർക്ക് മർദനമേറ്റത്. റവല്യൂഷണറി യൂത്ത് ഒഞ്ചിയം ബ്ലോക്ക് കമ്മറ്റി അംഗം പെരുമുണ്ട വയലിൽ റോഷിൻ, മേഖലാ കമ്മറ്റി അംഗം പെരുമുണ്ട വയലിൽ രതുന്‍ എന്നിവരാണ് ചികിത്സയിൽ കഴിയുന്നത്. ഇടിക്കട്ടയും ഇരുമ്പ് ദണ്ഡുകളുമായി സംഘടിതമായെത്തി ആക്രമിക്കുകയായിരുന്നു സിപിഎം പ്രവർത്തകർ. അക്രമം നടത്തി തെരഞ്ഞെടുപ്പ് അട്ടിമറിക്കാമെന്നത് സിപിഎമ്മിൻ്റെ വ്യാമോഹം മാത്രമാണെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. സമാധാന വഴിയിൽ തെരഞ്ഞെടുപ്പിനെ നേരിടാൻ സിപിഎമ്മിനെ സ്വാഗതം ചെയ്യുന്നു. ജനാധിപത്യത്തിൽ അക്രമം തെരഞ്ഞെടുപ്പ് ഉപാധിയല്ല. ആരോഗ്യകരമായ രീതിയിലാവണം മത്സരം. ഇനി അക്രമംകൊണ്ട് യുഡിഎഫ് - ആർ എം പി പ്രവർത്തകർ പിരിഞ്ഞുപോകും എന്നാണ് കരുതുന്നതെങ്കിൽ അത് നടക്കാൻ പോകുന്നില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു. കെ.കെ രമ എംഎൽഎയും മറ്റ് യുഡിഎഫ് - ആർഎംപി നേതാക്കളും കൂടെയുണ്ടായിരുന്നു.