താഴെതട്ടില്‍ പാര്‍ട്ടി ദുര്‍ബലമെന്ന് വിലയിരുത്തി സി.പി.എം
തിരുവനന്തപുരം: താഴെതട്ടില്‍ പാര്‍ട്ടി ദുര്‍ബലമാണെന്ന് വിലയിരുത്തി സി.പി.എം. പാര്‍ട്ടിയുടെ അടിസ്ഥാനഘടകമായ ബ്രാഞ്ചുകളില്‍ നേതൃത്വം ദുര്‍ബലമാണെന്ന വിലയിരുത്തലാണ് സി.പി.എം നടത്തിയിരിക്കുന്നത്. പല ബ്രാഞ്ച് സെക്രട്ടറിമാര്‍ക്കും ശരാശരി നിലവാരം മാത്രമാണ് ഉള്ളതെന്നും പാര്‍ട്ടി കണ്ടെത്തിയിട്ടുണ്ട്.
നേതൃശേഷിയുള്ളവരെ ബ്രാഞ്ചിലേക്ക് തെരഞ്ഞെടുക്കണം. ഏരിയ സെക്രട്ടറിമാര്‍ പാര്‍ട്ടിക്കായി മുഴുവന്‍ സമയയും പ്രവര്‍ത്തിക്കണം. സഹകരണ ബാങ്ക് ജീവനക്കാര്‍, സഹകരണ ബാങ്ക് സെക്രട്ടറിമാര്‍, അഭിഭാഷകര്‍ തുടങ്ങിയവര്‍ ലോക്കല്‍ തലങ്ങളില്‍ നേതൃത്വത്തിലെത്തിയാല്‍ ചുമതല കൃത്യമായി നിര്‍വഹിക്കാത്ത സാഹചര്യമുണ്ടെന്നും സി.പി.എം വിലയിരുത്തുന്നു.
ജോലിയുള്ളവര്‍ക്ക് ലോക്കല്‍ സെക്രട്ടറിയാവാമെന്ന പാര്‍ട്ടി നിലപാട് ദുരുപയോഗം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആരാധനാലയങ്ങളില്‍ പാര്‍ട്ടിയുടെ പരിശോധന വേണം. വര്‍ഗീയ ശക്തികളുടെ കൈയിലാണോ ആരാധനാലയങ്ങള്‍ ഉള്ളതെന്ന പരിശോധനയാണ് നടത്തേണ്ടതെന്നും സി.പി.എം വ്യക്തമാക്കി.
സി.പി.എമ്മിന്റെ ബ്രാഞ്ച് സമ്മേളനങ്ങള്‍ തുടങ്ങിയ സാഹചര്യത്തിലാണ് പാര്‍ട്ടിയുടെ നിര്‍ദേശം പുറത്ത് വന്നിരിക്കുന്നത്. സെപ്തംബര്‍ ഒന്നിനാണ് സി.പി.എമ്മിന്റെ ബ്രാഞ്ച് സമ്മേളനങ്ങള്‍ ആരംഭിച്ചത്. ഫെബ്രുവരിയില്‍ കൊല്ലത്താണ് സംസ്ഥാന സമ്മേളനം.