സംഘപരിവാർ സംഘടനകൾ സമരരംഗത്തില്ലാത്തത് ബിജെപി- സിപിഎം രാഷ്ട്രിയ അന്തർധാരയുടെ തെളിവ്: രമേശ് ചെന്നിത്തല
പമ്പ: നവകേരള സദസ്സുമായി ബന്ധപ്പെട്ട് സംഘപരിവാർ സംഘടനകൾ സമരരംഗത്തില്ലാത്തില്ലാത്തത് ബിജെപി- സിപിഎം രാഷ്ട്രിയ അന്തർധാരയുടെ തെളിവാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു. ബഹുജനങ്ങൾക്ക് യാതൊരു പ്രയോജനമില്ലാത്ത കടുത്ത ധൂർത്തിൻ്റെയും അഴിമതിയുടെയും ഭാഗമായ മുഖ്യമന്ത്രിയുടെ പര്യടനത്തിന് എതിരെ ആർജ്ജവത്തോടെയാണ് യൂത്ത് കോൺഗ്രസും -കെ.എസ്.യുവും സമരരംഗത്ത് നിലകൊള്ളുന്നത്. ശബരിമല സന്ദർശനത്തിനെത്തിയ അദ്ദേഹം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു.
കോൺഗ്രസിൻ്റെ എല്ലാ ധാർമ്മിക പിന്തുണയോടെയുമാണ് ഈ സമരം. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ബിജെപി കൈകൊള്ളാൻ പോകുന്ന രാഷ്ട്രീയ നിലപാടും അടി ഒഴുക്കും വ്യക്തമാക്കുന്നതാണ് നവ കേരള സദസ്സിനോടുള്ള സമീപനമെന്നും ചെന്നിത്തല.
മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ചാൽ സംരക്ഷണം ഒരുക്കുന്ന നിലപാട് ഗവർണ്ണറുടെ കാര്യത്തിൽ ഇല്ലാത്തത് എന്താണെന്ന് ചെന്നിത്തല ചോദിച്ചു.മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ നടത്തുന്ന ശീതസമരം സംസ്ഥാന താത്പര്യങ്ങൾക്ക് വിരുദ്ധമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു
പത്ര സമ്മേളനത്തിൽ ഡിസിസി വൈസ് പ്രസിഡൻ്റ് വെട്ടൂർ ജ്യോതി പ്രസാദ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ്പത്തനംതിട്ട, തട്ടയിൽ ഹരികുമാർ, കെ.എസ്.യു സംസ്ഥാന കൺവീനർ അഡ്വ. തൗഫീക്ക് രാജൻ എന്നിവർ പങ്കെടുത്തു.