എനിക്ക് വേണ്ടി സിപിഎം കണ്ണീർ പൊഴിക്കണ്ട ; ടി എൻ പ്രതാപൻ
2019 ൽ തനിക്ക് കിട്ടിയതിനെക്കാൾ ഭൂരിപക്ഷം കെ മുരളീധരനു ലഭിക്കുമെന്നു കെപിസിസി വർക്കിങ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ടി എൻ പ്രതാപൻ പറഞ്ഞു. കഴിഞ്ഞതവണ കിട്ടിയ അത്രയും വോട്ട് ബിജെപിക്ക് കിട്ടില്ല. കോൺഗ്രസ് പാർട്ടി എന്തു ചുമതല ഏൽപ്പിച്ചാലും ഞാൻ ചെയ്യും. കുഴി കുത്താൻ പറഞ്ഞാൽ കുഴികുത്തും പോസ്‌റ്റർ ഒട്ടിക്കാൻ പറഞ്ഞാൽ അതും ചെയ്യും ചുമരെഴുതാൻ പറഞ്ഞാൽ ചുമരെഴുതും സമരം ചെയ്യാൻ പറഞ്ഞാൽ സമരവും ചെയ്യും പ്രതാപൻ പറഞ്ഞു.
ലോക്സഭാ സീറ്റ് തനിക്ക് നിഷേധിക്കപ്പെട്ടതിൽ സിപിഎം കണ്ണീർ പൊഴിക്കേണ്ടെന്നും പ്രതാപൻ പറഞ്ഞു. സിപിഎമ്മിന്റെയും ബിജെപിയുടെയും സൈബർ ടീം വ്യക്തിപരമായും കുടുംബപരമായും വേട്ടയാടികൊണ്ടിരിക്കുകയാണ്. എന്നെ കുറ്റവിചാരണ ചെയ്യാൻ നടന്നവർക്കെല്ലാം ഇപ്പോൾ എന്നോട് എന്തൊരു സിംമ്പതിയാണ്. നിങ്ങൾ ഈ കാണിക്കുന്ന സൗഹൃദവും സിംമ്പതിയും എന്താണെന്ന് മനസിലാക്കുള്ള അരിയാഹാരം ഞാൻ കഴിക്കുന്നുണ്ട്. ആ സിംമ്പതിക്ക് എനിക്ക് നിങ്ങളോടാണ് സിംമ്പതി - പ്രതാപൻ പറഞ്ഞു.
ഞാൻ ലോക്സഭയിൽ പോയിട്ട് മിണ്ടിയിട്ടില്ല കണ്ടിട്ടില്ല കേട്ടിട്ടില്ല എന്നൊക്കെ പറയുന്ന സിപിഎമ്മുകാരും സിപിഐക്കാരും ഇപ്പോൾ പറയുന്നത് ലോക്‌സഭയിൽ നല്ല പ്രകടനം നടത്തിയിട്ടും മാറ്റിയെന്നാണ്. മന്ത്രി റിയാസ് പറയുന്നത് ഞാൻ ലോക്സഭയിൽ സംസാരിച്ചിട്ടും മാറ്റിയെന്നാണ്. അദ്ദേഹത്തിന്റെ പരിപ്പൊന്നും എന്റെയടുത്ത് വേവില്ല. ചുരുക്കത്തിൽ സിപിഎമ്മും ബിജെപിയും കെ.മുരളീധരൻ തരംഗമായി മാറിയിരിക്കുന്നതിനെ ഭയപ്പെടുകയാണെന്നും പ്രതാപൻ കൂട്ടിച്ചേർത്തു.