സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു
ന്യൂഡൽഹി : സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു.72 വയസായിരുന്നു. ശ്വാസകോശ അണുബാധയെ തുടർന്ന് ദില്ലി എയിംസിൽ ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ മാസം 19നാണ് ശ്വാസ തടസ്സത്തെ തുടർന്ന് സീതാറാം യെച്ചൂരിയെ എയിംസിൽ പ്രവേശിപ്പിച്ചത്. നില വഷളായതോടെ വെൻ്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയായിരുന്നു.ആന്ധ്രാപ്രദേശിലെ കിഴക്കന്‍ ഗോദാവരി സ്വദേശിയായ സീതറാം യെച്ചൂരി 1952 ആഗസ്റ്റ് 12-ന് ആന്ധ്രക്കാരായ സർവ്വേശ്വര സോമയാജുല യെച്ചൂരിയുടെയും കൽപ്പാക്കത്തിന്റെയും മകനായി മദ്രാസിൽ ജനിച്ചു. അച്ഛൻ ആന്ധ്രപ്രദേശ് റോഡ് ട്രാസ്പോർട്ട് കോർപ്പറേഷനിൽ എഞ്ചിനീയറായിരുന്നു. അമ്മ സർക്കാർ സർവീസിൽ ആയിരുന്നു. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ഡൽഹിയിൽ സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്നും അദ്ദേഹം ഡിഗ്രി കരസ്ഥമാക്കി. 1975-ൽ ജവഹർലാൽ നെഹ്‌റു സർവ്വകലാശാലയിൽ നിന്നും ഇക്കണോമിക്സിൽ മാസ്റ്റർ ബിരുദം നേടി. പത്രപ്രവർത്തകയായ സീമ ക്രിസ്റ്റിയാണ് യച്ചൂരിയുടെ ഇപ്പോഴത്തെ ഭാര്യ. പ്രശസ്ത വനിതാവകാശപ്രവർത്തക വീണ മജുംദാറിന്റെ പുത്രിയായിരുന്നു ആദ്യ ഭാര്യ ആവിവാഹത്തിൽ യച്ചൂരിക്ക് ഒരു മകനും മകളും ഉണ്ട്. യെച്ചൂരി-സീമ ദമ്പതികൾക്ക് ഒരു മകനുണ്ട്.1974-ൽ എസ്.എഫ്.ഐയിൽ ചേർന്നു. ജെ എൻ യു വിലെ അദ്ദേഹത്തിന്റെ പഠനത്തിനിടയിൽ ആണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുന്നത്. അടിയന്തരാവസ്ഥക്കെതിരെ പ്രധിഷേധം ഉയർത്തിയതിനെ തുടർന്ന് ഡോക്ട്രേറ്റ് പൂർത്തിയാക്കുന്നതിനു മുന്നേ തന്നെ അറസ്റ്റിലായി. ജയിൽ മോചിതനായ ശേഷം വീണ്ടും പഠനം തുടർന്നു. അതെ കാലയളവിൽ മൂന്നു തവണ യച്ചൂരിയെ ജെ.എൻ.യു വിദ്യാർഥി യൂണിയൻ പ്രസിഡന്റായി തെരഞ്ഞെടുത്തു.1978 ൽ എസ്.എഫ്.ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ട യച്ചൂരി അതെ വർഷം തന്നെ എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡണ്ടായും തെരഞ്ഞെടുക്കപ്പെട്ടു. 1985-ൽ സിപിഎം കേന്ദ്രകമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യെച്ചൂരി 1992 മുതൽ സിപിഎം പോളിറ്റ് ബ്യൂറോ അംഗമാണ്. പിന്നീട് 2015-ല്‍ വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രകാശ് കാരാട്ടില്‍ നിന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി പദവി യെച്ചൂരി ഏറ്റെടുത്തു. 2018-ല്‍ ഹൈദരാബാദിലെ പാര്‍ട്ടി കോണ്‍ഗ്രസില്‍ വീണ്ടും സിപിഎം ദേശീയ അധ്യക്ഷനായി. 2022-ല്‍ കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ മൂന്നാം വട്ടവും പാര്‍ട്ടി ദേശീയ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു.