ഏരിയ സമ്മേളനത്തിന് പിരിച്ച പണം തട്ടി; ബിജെപിയില്‍ ചേർന്ന ഏരിയ സെക്രട്ടറിക്കെതിരെ പരാതിയുമായി സിപിഎം
തിരുവനന്തപുരം: ബിജെപിയില്‍ ചേർന്ന സിപിഎം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിക്കെതിരെ സാമ്പത്തിക തട്ടിപ്പു പരാതി. സിപിഎം ഏരിയ സമ്മേളനത്തിനായി പിരിച്ച ഏഴു ലക്ഷത്തോളം രൂപ തട്ടിയെന്നാണ് ആരോപണം.പാർട്ടി മംഗലപുരം ഏരിയ കമ്മിറ്റിയാണ് ആറ്റിങ്ങല്‍ ഡിവൈഎസ്‍പിക്ക് പരാതി നല്‍കിയത്. ഏരിയ സമ്മേളനത്തില്‍നിന്ന് ഇറങ്ങിപ്പോയതിനു പിന്നാലെ മധുവിനെതിരെ നിരവധി പരാതികള്‍ ഉയർന്നിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി ഉള്‍പ്പെടെ സംസ്ഥാന നേതൃത്വത്തോട് ഇക്കാര്യം ഉണർത്തുകയും ചെയ്തിരുന്നു. പാർട്ടി വിട്ട് ബിജെപിയില്‍ ചേർന്നതിനു പിന്നാലെയാണ് സാമ്ബത്തിക തട്ടിപ്പില്‍ പരാതി നല്‍കിയത്. പ്രവർത്തകരില്‍നിന്നും പൊതുജനങ്ങളില്‍നിന്നും ഉള്‍പ്പെടെ പിരിച്ച തുകയാണ് തട്ടിയതെന്നാണ് ആരോപിക്കുന്നത്. പിരിച്ചെടുത്ത ഏഴു ലക്ഷം രൂപ പാർട്ടിക്ക് കൈമാറാതെ കൈയില്‍ വയ്ക്കുകയായിരുന്നുവെന്നു പരാതിയില്‍ പറയുന്നു.