ബംഗാളിൽ നിന്ന് പാഠം പഠിച്ചില്ലെന്നതിന്റെ തെളിവാണ് കേരളത്തിലെ സി.പി.എം: ഡോ. അരവിന്ദ് കുമാർ
തിരുവനന്തപുരം: ബംഗാളിൽനിന്ന് സി.പി.എം ഒരു പാഠവും പഠിച്ചില്ലെന്നതിന്റെ തെളിവാണ് കേരളത്തിലെ ഇടത് ഭരണകൂടത്തിന്റെ നിലപാടുകളെന്ന് ന്യൂഡൽഹി ജാമിഅ മില്ലിയ്യ ഇസ്‍ലാമിയ്യ കേന്ദ്ര സർവകലാശാലയിലെ കെ.ആർ. നാരായണൻ സെന്റർ ഫോർ ദലിത് ആന്റ് മൈനോറിറ്റി സ്റ്റഡീസിലെ ഫാക്കൽറ്റി ഡോ. അരവിന്ദ് കുമാർ. കേരളത്തിൽ ജാതി സെൻസസ് നടത്തക, എയ്ഡഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടുക, സർക്കാർ സർവീസിൽ ആനുപാതിക പ്രതിനിധ്യം നടപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് വെൽഫെയർ പാർട്ടി സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് വളയൽ സമരത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ബംഗാളിൽ നീണ്ട കാലം സി.പി.എം അധികാരത്തിലിരുന്നിട്ടും പിന്നാക്ക വിഭാഗങ്ങളുടെ പ്രതിനിധ്യം ഉറപ്പുവരുത്താൻ കഴിഞ്ഞില്ല. അധികാരം എന്നും സവർണ്ണ വിഭാഗങ്ങളിൽ മത്രം കേന്ദ്രീകരിച്ചു. കേരളത്തിൽ ജാതി സെൻസസിനെതിരെ നിലപാടെടുക്കുകയും മുന്നാക്ക സംവരണം നടപ്പാക്കുകയും ചെയ്ത് ഇതേപാതയിൽ തന്നെയാണ് ഇടത് സർക്കാർ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. മന്ത്രിസഭയിൽ പോലും പ്രത്യേക ജനവിഭാഗങ്ങളുടെ അമിതപ്രാതിനിധ്യം അപകടകരമായ പ്രവണതയാണെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു സമൂഹത്തിന്റെ രക്ഷകരായി അവതരിക്കാനാണ് നരേന്ദ്ര മോദിയുടെയും കൂട്ടരുടെയും ശ്രമം. എന്നാൽ, ഹിന്ദു സമൂഹത്തിലെ ന്യൂനാൽ ന്യൂനപക്ഷത്തിന്റെ മാത്രം അവകാശങ്ങൾ സംരക്ഷിക്കുന്നതാണ് സംഘ്പരിവാറിന്റെ നിലപാട്. പിന്നാക്ക വിഭഗത്തിന്റെ അവകാശങ്ങളെ ന്യൂനപക്ഷ വിദ്വേഷം കൊണ്ട് മറയിടാനാണ് ശ്രമിക്കുന്നത്. ഇന്ത്യുടെ വൈധ്യപൂർണമായ സാമൂഹികാവസ്ഥക്കനുസൃതമായി വിഭവങ്ങളിൽ പങ്കാളിത്തം ലഭ്യമാവണമെങ്കിൽ ജാതി സെൻസസ് നടത്തിയേ തീരൂവെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹിക നീതി ആവശ്യപ്പെട്ട് ‘തിരുവനന്തപുരം പ്രഖ്യാപനം’ സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി നിർവഹിച്ചു. കേരളത്തിലെ സംവരണ സമുദായ സംഘടന നേതാക്കൾ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു പ്രക്ഷോഭ വേദി. സെക്രട്ടേറിയറ്റിന്റെ നാല് സുപ്രധാന ഗേറ്റുകൾ സ്തംഭിപ്പിച്ച പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. വെൽെഫയർ പാർട്ടി ദേശീയ ട്രഷറർ അത്തീഖ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി അധ്യക്ഷത വഹിച്ചു.