പാനൂരില്‍ ബോംബ് ഉണ്ടാക്കിയതും അത് പൊട്ടിത്തെറിച്ച് മരിച്ചതും സി.പി.എമ്മുകാരനെന്ന്; വി.ഡി സതീശൻ
തിരുവനന്തപുരം: പാനൂരില്‍ ബോംബ് ഉണ്ടാക്കിയതും അത് പൊട്ടിത്തെറിച്ച് മരിച്ചതും സി.പി.എമ്മുകാരനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പരിക്കേറ്റതും ആശുപത്രിയില്‍ കൊണ്ടു പോയതും സി.പി.എമ്മുകാര്‍. മരിച്ചവരുടെ ശവസംസ്‌ക്കാരത്തിന് പോയതും സി.പി.എമ്മുകാര്‍. പിന്നെ എങ്ങനെയാണ് സി.പി.എമ്മിന് ബോംബ് ഉണ്ടാക്കിയതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞു മാറാനാകുന്നതെന്ന് സതീശൻ ചോദിച്ചു.
തിരഞ്ഞെടുപ്പായതു കൊണ്ടാണ് ബന്ധമില്ലെന്നു പറയുന്നത്. 2015-ല്‍ ഇപ്പോള്‍ സ്‌ഫോടനമുണ്ടായതിന്റെ അഞ്ച് കിലോമീറ്റര്‍ അപ്പുറത്തെ ഈസ്റ്റ് ചെറ്റക്കണ്ടിയിലെ പൊയിലൂരിലും ബോംബ് പൊട്ടിത്തെറിച്ച് രണ്ടു പേര്‍ മരിച്ചു.
സി.പി.എമ്മിന് ഒരു ബന്ധവും ഇല്ലെന്നാണ് അന്നത്തെ പാര്‍ട്ടി സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. മൂന്ന് കൊല്ലം കഴിഞ്ഞ് തൃശൂരില്‍ സി.പി.എം സംസ്ഥാന സമ്മേളനം നടന്നപ്പോള്‍ 577 രക്തസാക്ഷിക്കൊപ്പം ബോംബ് പൊട്ടിത്തെറിച്ച് 2015-ല്‍ മരിച്ച രണ്ടു പേരുടെ ചിത്രവും ഉണ്ടായിരുന്നു.യു.ഡി.എഫുകാരെ കൊല്ലാന്‍ വേണ്ടി ഉണ്ടാക്കിയ ബോംബാണോ എന്ന് മാത്രമെ അറിയാനുള്ളൂ. ആഭ്യന്തര വകുപ്പിന്റെ ചുമതലയില്‍ ഇരുന്നു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുപോലുള്ള വൃത്തികേടുകളെയും അക്രമവാസനകളെയും തോന്യാസങ്ങളെയും പ്രോത്സാഹിപ്പിക്കുകയും തണലുണ്ടാക്കിക്കൊടുക്കുകയുമാണ്.
നാട്ടിലെ ക്രിമിനലുകളെ മുഴുവന്‍ പ്രോത്സാഹിപ്പിക്കുന്ന ആളാണ് മുഖ്യമന്ത്രി. എന്നിട്ടാണ് തിരഞ്ഞെടുപ്പില്‍ ജയിക്കുമെന്ന് പറയുന്നത്. ഒരു സീറ്റില്‍ പോലും എല്‍.ഡി.എഫ് വിജയിക്കില്ല.അതുകൊണ്ടാണ് ഏതെങ്കിലും സീറ്റില്‍ ജയിക്കാന്‍ ബി.ജെ.പി- സി.പി.എം ധാരണയുണ്ടാക്കുന്നത്. ഇ.ഡിയെ കൊണ്ടു വന്നത് പ്രതിപക്ഷ നേതാവാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. താന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയിട്ടാണ് സ്വര്‍ണക്കള്ളക്കടത്ത് അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ എത്തിയതെന്ന് ഗമ പറഞ്ഞിരുന്ന ആളാണല്ലോ മുഖ്യമന്ത്രി.
മുഖ്യമന്ത്രിയെ ഭയമാണ് ഭരിക്കുന്നത്. പേടിച്ചാണ് മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുന്നത്. ഇതുപോലെ ഭയന്ന് ഈ കസേരയില്‍ ഇന്നു വരെ ഒരാളും ഇരുന്നിട്ടില്ല.
ഇല്ലാത്ത കള്ളപ്പരാതി ഒരു സ്ത്രീയില്‍ നിന്നും എഴുതി വാങ്ങി ഉമ്മന്‍ ചാണ്ടിക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട മാന്യനാണ് മുഖ്യമന്ത്രി കസേരയില്‍ ഇരുന്ന് പ്രതിപക്ഷത്തെ കുറ്റം പറയുന്നത്. അന്ന് സി.ബി.ഐ കേന്ദ്ര ഏജന്‍സിയായിരുന്നില്ലേ? ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിക്കാന്‍ സി.ബി.ഐയെ കൊണ്ട് അന്വേഷിപ്പിച്ച പിണറായി വിജയനാണ് പ്രതിപക്ഷം എനിക്കെതിരെ കേന്ദ്ര ഏജന്‍സിയെ പ്രോത്സാഹിപ്പിക്കുന്നു എന്ന് വിലപിക്കുന്നതെന്നും സതീശൻ പറഞ്ഞു.