For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

'പോരാളി ഷാജി' മുതിർന്ന സിപിഎം നേതാവിൻ്റെ സോഷ്യൽ മീഡിയ സംവിധാനം, സിപിഎമ്മുകാർ ഇപ്പോൾ തമ്മിലടിക്കുകയാണ്; പ്രതിപക്ഷ നേതാവ്

05:14 PM Jun 16, 2024 IST | Online Desk
 പോരാളി ഷാജി  മുതിർന്ന സിപിഎം നേതാവിൻ്റെ സോഷ്യൽ മീഡിയ സംവിധാനം  സിപിഎമ്മുകാർ ഇപ്പോൾ തമ്മിലടിക്കുകയാണ്  പ്രതിപക്ഷ നേതാവ്
Advertisement

കൊച്ചി: പോരാളി ഷാജി എന്നത് പ്രധാനപ്പെട്ട മുതിർന്ന ഒരു സിപിഎം നേതാവിൻ്റെ സോഷ്യൽ മീഡിയ സംവിധാനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ചെങ്കതിരിനും പൊൻകതിരിനും എല്ലാം പിന്നിലും സിപിഎം നേതാക്കൾ തന്നെയാണ്. ഇപ്പോൾ അവർ തമ്മിലടിക്കുകയാണ്. തിരഞ്ഞെടുപ്പ് തോൽവിയെ കുറിച്ച് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും പറഞ്ഞത് പരസ്‌പരവിരുദ്ധമായ കാര്യങ്ങളാണ്. അധികാരത്തുടർച്ചയുടെ അഹങ്കാരത്തിലും ധാർഷ്‌ട്യത്തിലും ബംഗാളിലും ത്രിപുരയിലും സംഭവിച്ചത് കേരളത്തിലെ സിപിഎമ്മിനും സംഭവിക്കാൻ തുടങ്ങിയിരിക്കുന്നു. എന്തും ചെയ്യാമെന്ന അഹങ്കാരമാണ് സർക്കാരിനെന്നും സാധാരണക്കാർ കഷ്‌ടപ്പെടുമ്പോൾ സർക്കാർ ദന്തഗോപുരത്തിലാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സിപിഎം പോകുന്നത് വലിയ ഒരു പൊട്ടിത്തെറിയിലേക്കാണെന്നും പ്രതിപക്ഷ നേതാവ് പറവൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

Advertisement

പ്രതിപക്ഷ നേതാവിന്റെ വാക്കുകൾ

ജീർണതയാണ് സിപിഎം നേരിടുന്നത്. പോരാളി ഷാജിയെന്നത് പ്രധാനപ്പെട്ട ഒരു നേതാവിന്റെ സോഷ്യൽമീഡിയ സംവിധാനമാണ്. ചെങ്കതിരും പൊൻകതിരുമൊക്കെ മറ്റു രണ്ടു പേരുടേതാണ്. ഇപ്പോൾ ഇവരൊക്കെ തമ്മിൽ പോരാടാൻ തുടങ്ങി. നേരത്തെ ഞങ്ങളെയൊക്കെ ഇവർ എത്ര അപമാനിച്ചതാണ്. ഇപ്പോൾ അവർ തമ്മിൽ അടിക്കുകയാണ്. അത് ഞങ്ങൾ നോക്കി നിൽക്കുകയാണ്. അത് അവരുടെ ആഭ്യന്തരകാര്യമാണ്. പക്ഷെ കോൺഗ്രസിനെ മാത്രം നിരീക്ഷിക്കുന്ന ചില മാധ്യമങ്ങളെങ്കിലും കുറച്ചു നേരം സിപിഎമ്മിൽ സംഭവിക്കുന്നത് നോക്കണം. പൊട്ടിത്തെറിക്കുന്നതിന് മുമ്പുതന്നെ അതേക്കുറിച്ച് റിപ്പോർട്ട് ചെയ്‌താൽ നന്നായിരിക്കും. വലിയ പൊട്ടിത്തെറി സിപിഎമ്മിലുണ്ടാകും. സിപിഎം സെക്രട്ടറിയും മുഖ്യമന്ത്രിയും തോൽവിയെക്കുറിച്ച് പറഞ്ഞത് പരസ്പരവിരുദ്ധമാണ്. എന്നിട്ടും
മാധ്യമങ്ങൾ കാണാതെ പോയത് എന്തുകൊണ്ടാണ്. എം.വി. ഗോവിന്ദനും
പിണറായി വിജയനും ഇരു ധ്രുവങ്ങളിൽ നിന്നാണ് സംസാരിച്ചത്. സർക്കാരിനെതിരായ ജനവികാരമാണ് തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചതെന്നാണ് സിപിഎം ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട്. മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയിലും പാർട്ടി ഗ്രാമങ്ങളിലും വോട്ടുകൾ അടപടലം ഒഴുകിപ്പോയി. പയ്യന്നൂരിലെ 26 വോട്ട് മാത്രം ഉണ്ടായിരുന്ന ബൂത്തിൽ യുഡിഎഫ് ഇത്തവണ ലീഡ് ചെയ്‌തു. ബംഗാളിലും ത്രിപുരയിലും സംഭവിച്ചത് കേരളത്തിലെ സിപിഎമ്മിന് സംഭവിക്കാൻ തുടങ്ങിയിരിക്കുന്നു. ബംഗാളിൽ അധികാരത്തിൻ്റെ അവസാനകാലത്ത് കാട്ടിയ അഹങ്കാരവും ധിക്കാരവുമാണ് കഴിഞ്ഞ മൂന്ന് വർഷമായി തുടർഭരണം കിട്ടിയതിനു ശേഷം കേരളത്തിലും നടക്കുന്നത്. അമിതാധികാരത്തിൽ എന്തും ചെയ്യാമെന്ന അഹങ്കാരമാണ് സർക്കാരിന്. സാധാരണക്കാർ കഷ്‌ടപ്പെടുമ്പോൾ സർക്കാർ ദന്തഗോപുരത്തിലാണ്.

തൃശൂരിൽ ഡിസിസി ചുമതല ജില്ലയ്ക്ക് പുറത്തുള്ള ആൾക്ക് നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് തോൽവിയെ കുറിച്ച് അന്വേഷിക്കാൻ കെപിസിസി ഉപസമതി രൂപീകരിച്ചിട്ടുണ്ട്. ചേലക്കര, പാലക്കാട് ഉപതിരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളെ കുറിച്ച് ഒരു ചർച്ചയും നടന്നിട്ടില്ല. ഈ രണ്ടു സീറ്റുകളിലെയും സ്ഥാനാർത്ഥികളെ ആദ്യം പ്രഖ്യാപിക്കുന്നത് യുഡിഎഫായിരിക്കും. സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നതിന് കോൺഗ്രസിൽ ഒരു രീതിയുണ്ട്.

ഇന്ധനത്തിന് കേളത്തിലുള്ള അത്രയും നികുതി കർണാടകത്തിലില്ല. നികുതി കൂട്ടിയാൽ ഇന്ധന ഉപഭോഗം കുറയുമെന്നും വരുമാന നഷ്ടമുണ്ടാക്കുമെന്നും പ്രതിപക്ഷം മുന്നറിയിപ്പ് നൽകിയിരുന്നതാണ്. അതിപ്പോൾ കേരളത്തിൽ യാഥാർത്ഥ്യമായിരിക്കുകയാണ്.

Tags :
Author Image

Online Desk

View all posts

Advertisement

.