തീവ്രത അളന്ന് ശിക്ഷ വിധിക്കുന്ന സിപിഎം പാർട്ടി കോടതിയും ഹേമ കമ്മീഷൻ റിപ്പോർട്ടും
തിരുവനന്തപുരം: സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് ജസ്റ്റിസ് ഹേമ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ട് അഞ്ചുവർഷത്തോളം പൂഴ്ത്തിവെച്ച എൽഡിഎഫ് സർക്കാർ ഹൈക്കോടതിയുടെ ഇടപെടൽ കൊണ്ട് മാത്രമാണ് ഭാഗികമായി എങ്കിലും പുറത്ത് വിട്ടത്. മലയാള സിനിമ മേഖലയിൽ പുതിയൊരു വിപ്ലവത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് ഹേമ കമ്മീഷൻ റിപ്പോർട്ട്. സിപിഎം എംഎൽഎ മുകേഷ് ഉൾപ്പെടെ നിരവധി സിനിമാതാരങ്ങൾക്കെതിരെ ഗുരുതര വെളിപ്പെടുത്തലുകളാണ് റിപ്പോർട്ടിന് പിന്നാലെ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. എന്നാൽ ഇതുവരെ കൊല്ലം എംഎൽഎക്കെതിരെ യാതൊരു നടപടിയും സിപിഎം കൈക്കൊണ്ടിട്ടില്ല. സ്ത്രീപക്ഷ സർക്കാരെന്ന് വീമ്പ് പറയുമ്പോഴും സ്ത്രീപീഡകരെ സംരക്ഷിക്കുന്ന ചരിത്രം തുടരുകയാണ് സിപിഎം.
സിപിഎം പാർട്ടി നേതാക്കൾക്കെതിരെ ഉയരുന്ന ലൈംഗികാരോപണങ്ങളിൽ രാജ്യത്തെ നിയമ സംവിധാനങ്ങളെ വെറും നോക്കുകുത്തിയാക്കി പാർട്ടി കമ്മീഷനുകളെ നിയോഗിച്ച് പീഡനത്തിന്റെ തീവ്രത അളന്ന് പാർട്ടി കോടതികൾ ശിക്ഷ വിധിക്കുന്ന രീതിയാണ് എല്ലാകാലവും സിപിഎം തുടർന്നു വരുന്നത്. സിപിഎം എംഎൽഎയുടെ മകൾക്ക് നേരെ കൈകൾ നീട്ടിയ പി ശശി മുതൽ ഡിവൈഎഫ്ഐ വനിതാ നേതാവിന് നേരെ ലൈംഗിക അതിക്രമം നടത്തിയ പി കെ ശശി വരെയുള്ളവർ ഇന്ത്യൻ നീതിന്യായ സംവിധാനത്തെ നോക്കുകുത്തിയാക്കി സിപിഎം പാർട്ടി കോടതികളുടെ സംരക്ഷണത്തിൽ ഇന്നും സ്വൈര്യ വിഹാരം തുടരുകയാണ്.
പീഡന ആരോപണങ്ങൾ നേരിട്ടവരിൽ പലരും പാര്‍ട്ടിയിലെ ഉന്നത നേതാക്കളാണ്. അതോടൊപ്പം ഇവരുടെ കേസുകള്‍ പൊതുമധ്യത്തില്‍ വലിയ ചര്‍ച്ചയാവുകയും ചെയ്തതാണ്. ഇത്തരം സംഭവങ്ങള്‍ എന്തുകൊണ്ട് പാര്‍ട്ടിയില്‍ ആവര്‍ത്തിക്കുന്നു എന്ന ചോദ്യത്തിനും വ്യക്തമായ ഉത്തരം പാര്‍ട്ടിക്ക് നല്‍കാന്‍ സാധിച്ചിട്ടില്ല. ഇത്തരം ആരോപണങ്ങളില്‍ നിന്ന് യുവജന സംഘടനയായ ഡിവൈഎഫ്‌ഐ പോലും മുക്തമല്ലെന്നാണ് അടുത്തിടെ നടന്ന സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഇപ്പോഴത്തെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ ആയിരുന്നു ആദ്യ ആരോപണം. ഇകെ നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറി, സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എന്നീ പദവികള്‍ വഹിച്ച് പാര്‍ട്ടിയില്‍ കരുത്തനായി തുടരുന്ന സാഹചര്യത്തിലാണ് പി ശശി പാര്‍ട്ടിയില്‍ നിന്ന് പുറത്താവുന്നത്. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ ഭാര്യയായിരുന്നു പരാതിക്കാരി. കാസര്‍കോട് ജില്ലയിലെ ആശുപത്രിയില്‍ വെച്ച് സുഖ ചികിത്സയ്ക്കിടെ ഉണ്ടായ സംഭവമാണ് ആദ്യം ഉയര്‍ന്നത്. പാര്‍ട്ടിയിലെ എംഎല്‍എയുടെ മകളോട് അപമര്യാദയായി പെരുമാറിയെന്നായിരുന്നു പരാതി. ഈ രണ്ട് പരാതികളും പാര്‍ട്ടിയെ പൊതുമധ്യത്തില്‍ നാണം കെടുത്തിയ കാര്യങ്ങളായിരുന്നു.പി ശശിക്ക് നാണം കെട്ടാണ് പാര്‍ട്ടിക്ക് പുറത്തേക്ക് പോവേണ്ടി വന്നത്. ശശിയോട് ആദ്യം അവധിയില്‍ പോകാനായിരുന്നു നിര്‍ദേശിച്ചത്. പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഇടവും പരിയാരം മെഡിക്കല്‍ കോളേജില്‍ ചെയര്‍മാന്‍ സ്ഥാനവും പ്രതീക്ഷിച്ചിരുന്നപ്പോഴാണ് ശശിക്ക് വന്‍ തിരിച്ചടി ഉണ്ടായത്. ഒടുവില്‍ 2011 ജൂലായിലായിരുന്നു അദ്ദേഹത്തിന്റെ പുറതത്താകല്‍. പരാതിക്കാര്‍ പരസ്യമായ നടപടിക്ക് മുതിരും എന്ന ഘട്ടമെത്തുന്നത് വരെ പാര്‍ട്ടി ശശിയെ സംരക്ഷിച്ചിരുന്നു. എന്നാൽ 2022ൽ ശശിയെ സിപിഎം സംസ്ഥാന സമിതിയുടെ ഉൾപ്പെടുത്തിയ പാർട്ടി എംവി ജയരാജന്റെ പിൻഗാമിയായി മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറിയായി നിയമിക്കുകയും ചെയ്തു.
സിപിഎമ്മിനെ ഇപ്പോഴും വേട്ടയാടി കൊണ്ടിരിക്കുന്ന വിവാദമാണ് ഒളി ക്യാമറി വിവാദം. സിപിഎമ്മിന്റെ എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന ഗോപി കോട്ടമുറിക്കലും ഒരു അഭിഭാഷകയും തമ്മിലുള്ള ബന്ധം ഒളിക്യാമറയില്‍ പകര്‍ത്തി ഒരു സംഘം ജില്ലാ കമ്മിറ്റി നേതാക്കള്‍ പാര്‍ട്ടി നേതൃത്വത്തിന് കൈമാറുകയായിരുന്നു. പി ശശിയെ പുറത്താക്കിയ രീതിയാലിയിരുന്നു ഗോപി കോട്ടമുറിക്കലിനെയും പുറത്താക്കയത്.2012 ജൂണ്‍ 24നാണ് ഗോപിയെ തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഎം സംസ്ഥാന സമിതി പുറത്താക്കാന്‍ തീരുമാനിച്ചത്. അതിന് മുമ്പ് ലൈംഗിക ആരോപണത്തില്‍ അദ്ദേഹത്തിനെതിരെ പാര്‍ട്ടി അന്വേഷണം നടത്തുകയും ചെയ്തു. ആദ്യം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിനിര്‍ത്തിയ ശേഷമായിരുന്നു അന്വേഷണം. എന്നാല്‍ കര്‍ഷകസംഘം സംസ്ഥാന ട്രഷറര്‍ സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ മാറ്റിയിരുന്നില്ല. അതേസമയം ഔദ്യോഗിക പക്ഷത്തെ പിന്തുണയ്ക്കുന്ന ഗോപിയെ വിഎസ് പക്ഷക്കാരാണ് കുടുക്കിയതെന്ന് ആരോപണമുണ്ടായിരുന്നു. അതേസമയം വർഷങ്ങൾക്കിപ്പുറം 2019ൽ കേരള ബാങ്ക് രൂപീകരിച്ചപ്പോൾ അതിന്റെ ആദ്യ പ്രസിഡന്റായി നിയമിച്ചതും ഇതേ ഗോപി കോട്ടമുറിക്കലിനെ ആണ്.