ബോംബ് നിർമാണവും "രക്ഷാപ്രവർത്തനമാക്കി" സി പി എം സംസ്ഥാന സെക്രട്ടറി
പാനൂർ ബോംബ് സ്ഫോടനക്കേസിൽ മരിച്ചയാള്‍ക്കും പിടിയിലായവര്‍ക്കുമുള്ള പാര്‍ട്ടി ബന്ധം വിവാദമാകവേ ന്യായീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ബോംബ് സ്ഫോടനക്കേസില്‍ പിടിയിലായ ഡിവൈഎഫ്ഐ പ്രവര്‍ത്തകൻ സാമൂഹ്യപ്രവര്‍ത്തകനാണെന്നും അപകടസ്ഥലത്ത് പരുക്കേറ്റവരെ സഹായിക്കാൻ പോയതാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.
“പാനൂരിൽ സന്നദ്ധ പ്രവർത്തകനാണു പിടിയിലായത്. സിപിഎം നേതാക്കളുടെ സന്ദർശനത്തിൽ മനുഷ്യത്വപരമായ സമീപനം മാത്രമേയുള്ളൂ. സ്ഫോടനം നടന്ന സ്‌ഥലത്ത് ഡിവൈഎഫ്ഐ നേതാവ് പോയത് രക്ഷാപ്രവർത്തനത്തിനാണ്. പൊലീസ് പിടികൂടിയ ഡിവൈഎഫ്‌ഐ പ്രവർത്തകൻ നിരപരാധിയാണ്."- എം.വി.ഗോവിന്ദൻ പറഞ്ഞു. സിപിഎം നേതാക്കൾ ഷെറിൻ്റെ വീട്ടിൽ പോയത് അറിയില്ലെന്നും പാർട്ടിക്ക് ഇതുമായി യാതൊരു ബന്ധമില്ലെന്നുമായിരുന്നു കഴിഞ്ഞ ദിവസം ഗോവിന്ദൻ പറഞ്ഞത്.
സന്ദർശനം മനുഷ്യത്വപരമായ കാര്യം മാത്രമാണെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കി. ബോംബ് സ്‌ഫോടനത്തിൽ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടുപേരുടെ അറസ്റ്റിനു പിന്നാലെയാണ് പിണറായിയുടെയും ഗോവിന്ദന്റെയും പ്രതികരണം. മീത്തലെ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി അമൽ ബാബു (26), മിഥുൻലാൽ (28) എന്നിവരാണ് അറസ്‌റ്റിലായ ഡിവൈഎഫ്‌ഐ പ്രവർത്തകർ.
കൊല്ലപ്പെട്ട ഷെറിൻ്റെ സംസ്‌കാരച്ചടങ്ങിൽ സിപിഎം പ്രാദേശിക നേതാക്കളും കെ.പി.മോഹനൻ എംഎൽഎയും പങ്കെടുത്തു. സിപിഎം പാനൂർ ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.കെ. സുധീർകുമാർ, എൻ അനിൽകുമാർ, ചെറുവാഞ്ചേരി ലോക്കൽ കമ്മിറ്റി അംഗം എ.അശോകൻ എന്നിവർ ഷെറിന്റെ വീട്ടിലെത്തി. ബോംബ് നിർമാണത്തിൻ്റെ മുഖ്യ സൂത്രധാരനെന്നു കരുതുന്ന ഡിവൈഎഫ്ഐ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി ഷിജാലിനെ കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.