സി പി എമ്മിന്റെ ബോംബ് നിർമാണ കുടിൽ വ്യവസായം:ഗോവിന്ദനിതു "രക്ഷാപ്രവർത്തനം" ; രാഹുൽ മാങ്കൂട്ടത്തിൽ
പാനൂർ ബോംബ് സ്ഫോടനക്കേസില്‍ അറസ്റ്റിലായ ഡിവൈഎഫ്ഐ പ്രവര്‍ത്തകൻ രക്ഷാപ്രവർത്തനത്തിനു പോയ സാമൂഹ്യപ്രവർത്തകനാണെന്നു പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പരാമർശത്തിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാഹുൽ എം വി ഗോവിന്ദനെതിരെ രംഗത്തെത്തിയത്.
രക്ഷാപ്രവർത്തനത്തിനു പോകുന്ന നിരപരാധികളെ അറസ്റ്റു ചെയ്യുന്ന കഴിവ്കെട്ടവരാണോ പിണറായിയുടെ പോലീസെന്നും പറയുന്നതെല്ലാം വള്ളിപുള്ളി തെറ്റാതെ വിഴുങ്ങാൻ മനുഷ്യരെല്ലാം വിവരദോഷികളോ അടിമകളോ അല്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
പോസ്റ്റിന്റെ പൂർണരൂപം ;
ബോംബ് നിർമ്മാണത്തിനിടയുണ്ടായ സ്ഫോടനത്തിനെ തുടർന്ന് അറസ്റ്റിലായ DYFI പ്രവർത്തകൻ രക്ഷാപ്രവർത്തനത്തിനു പോയ ആളാണെന്ന് CPM സെക്രട്ടറി MV ഗോവിന്ദൻ പറയുന്നത് കേട്ടു. ശ്രീ ഗോവിന്ദൻ, അങ്ങനെ രക്ഷാപ്രവർത്തനത്തിനു പോകുന്ന 'നിരപരാധികളെ' അറസ്റ്റ് ചെയ്യുന്ന കഴിവ്കെട്ടവരാണ് പിണറായിയുടെ പോലീസ് എന്നാണോ നിങ്ങൾ പറഞ്ഞു വെക്കുന്നത്? നിങ്ങൾ പറയുന്ന എന്ത് വിവരക്കേടും വള്ളിപുള്ളി വിടാതെ വിഴുങ്ങാൻ എല്ലാ മനുഷ്യരും വിവരദോഷികളോ നിങ്ങളുടെ അടിമകളോ അല്ല. പാനൂരിലെ ബോംബ് നിർമ്മാണം പാർട്ടിയുടെ ഉന്നത നേതാക്കളുടെയും സ്ഥാനാർത്ഥി ശ്രീമതി KK ശൈലജയുടെയും അറിവോടെയായതു കൊണ്ടാണ് അവർ ഇങ്ങനെ കളളം പറയുന്നത്.'പ്രാദേശികമായുണ്ടായ ഒരു ബോംബ് സ്ഫോടനം ചർച്ചയാക്കുന്നത് വിഷയ ദാരിദ്ര്യം കൊണ്ടാണ്' എന്ന് പറഞ്ഞ ശ്രീമതി KK ശൈലജ, ഈ ബോംബ് സ്ഫോടനത്തോടെ ചിന്നിച്ചിതറിയത് നിങ്ങളുടെ പാർട്ടി പ്രവർത്തകരുടെ ശരീരം മാത്രമല്ല, PR ഏജൻസിയുണ്ടാക്കിയെടുത്ത നിങ്ങളുടെ വ്യാജ പ്രതിച്ഛായ കൂടിയാണ്.
ജനം മറുപടി തരും, തീർച്ച :- ഇങ്ങനെയാണ് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.