ശബരിമലയില്‍ തിരക്കോട് തിരക്ക്: 16 മണിക്കൂര്‍ പിന്നിട്ടിട്ടും ദര്‍ശനം സാധ്യമായില്ല, അയ്യപ്പഭക്തര്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു
പത്തനംതിട്ട: ഒരുലക്ഷത്തിലധികം ഭക്തര്‍ കഴിഞ്ഞദിവസം എത്തിയതിന് പിന്നാലെ ശബരിമലയില്‍ ഇന്നും കനത്ത തിരക്ക്. തിരക്ക് കുറയ്ക്കാനായി ദര്‍ശനത്തിന് പോകുന്ന ഭക്തരെ നിലയ്ക്കലും മറ്റ് പ്രധാന ഇടത്താവളങ്ങളിലും പൊലീസ് തടഞ്ഞു. ഇവരുടെ വാഹനങ്ങള്‍ വിടാന്‍ അനുമതി നല്‍കിയില്ല. തുടര്‍ന്ന് പലയിടത്തും കുട്ടികളടക്കം അയ്യപ്പ ഭക്തര്‍ വലിയ ബുദ്ധിമുട്ടിലാണ്. 16 മണിക്കൂറോളമായി സന്നിധാനത്തേക്ക് പോകാനാകുന്നില്ലെന്ന് പല ഭക്തരും പരാതി പറഞ്ഞു.
തടഞ്ഞുനിര്‍ത്തിയയിടങ്ങളില്‍ മതിയായ ആഹാരമോ കുടിവെള്ളമോ ടോയ്ലറ്റ് സൗകര്യങ്ങളോ ഇല്ലെന്ന് ഭക്തര്‍ അറിയിച്ചിരുന്നു. മണിക്കൂറുകള്‍ പിന്നിട്ടിട്ടും കടത്തിവിടാത്തതിനെ തുടര്‍ന്ന് കോട്ടയത്തും, വൈക്കത്തും പൊന്‍കുന്നത്തും ഇടത്താവളങ്ങളോട് ചേര്‍ന്ന് അയ്യപ്പഭക്തര്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ പൊലീസ് നടത്തുന്നുണ്ട്.ചിലയിടങ്ങളില്‍ പൊലീസ് ഇടപെട്ട് കുടിവെള്ളംഎത്തിച്ചു.
പാലാ-പൊന്‍കുന്നം റോഡില്‍ എലിക്കുളം മുതല്‍ ഇളങ്ങുളം ക്ഷേത്രം വരെയുള്ള എട്ട് കിലോമീറ്റര്‍ റോഡില്‍ ഗതാഗത കുരുക്കുണ്ടായി. ഞായറാഴ്ച മാത്രം 18ാം പടി കടന്ന് ദര്‍ശനം നടത്തിയത് ഒരു ലക്ഷത്തിലധികം ഭക്തരാണ്. 1,00,969 പേരാണ് കഴിഞ്ഞദിവസം സന്നിധാനത്തെത്തിയത്. ഇതില്‍ 5798 പേര്‍ പുല്ലുമേട് വഴിയാണ് എത്തിയത്. ഇതോടെ കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ഇന്നലെ വരെ ദര്‍ശനം നടത്തിയവരുടെ എണ്ണം അഞ്ച് ലക്ഷം കവിഞ്ഞു. ഈ സീസണിലെ ഏറ്റവും തിരക്കേറിയ ദിവസമായി മാറി ഇന്നലെ.