വിശുദ്ധ ജലം കുടിക്കാനായി ക്ഷേത്രത്തില്‍ തിരക്ക്: തീര്‍ത്ഥാടകര്‍ കുടിച്ചത് എ.സിയില്‍ നിന്നു വരുന്ന വെള്ളം
ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശില്‍ 'അമൃത്' ജലം എന്ന് തെറ്റിദ്ധരിച്ച് തീര്‍ത്ഥാടകര്‍ കുടിച്ചത് എ.സിയില്‍ നിന്നു വരുന്ന വെള്ളം. വൃന്ദാവനത്തില്‍ സ്ഥിതി ചെയുന്ന ബങ്കെ ബിഹാരി ക്ഷേത്രത്തിലാണ് സംഭവം.ക്ഷേത്രത്തിലെ ചുമരില്‍ നിര്‍മ്മിച്ചിട്ടുള്ള ആനയുടെ തല പോലെയുള്ള രൂപത്തില്‍ നിന്നാണ് വെള്ളം പുറത്തേക്ക് വരുന്നത്. ഇത് ക്ഷേത്രത്തിലെ പ്രതിഷ്ഠയായ കൃഷ്ണന്റെ പാദങ്ങളില്‍ നിന്നും ഒഴുകിയെത്തുന്ന വെള്ളമാണെന്നാണ് ഭക്തര്‍ വിശ്വസിച്ചിരുന്നത്.
നൂറുകണക്കിന് ആളുകളാണ് ക്ഷേത്രത്തില്‍ നിന്ന് ഈ വെള്ളം കുടിച്ചിരിക്കുന്നത്. പ്രതിദിനം ഏകദേശം 10,000 മുതല്‍ 15,000 വരെ ആളുകള്‍ എത്തുന്ന സ്ഥലം കൂടിയാണിത്.ആളുകള്‍ ക്യൂവില്‍ നിന്ന് വെള്ളം ശേഖരിക്കുകയും കുടിക്കുകയും ചെയ്യുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ ചര്‍ച്ചയായിരിക്കുകയാണ്.
കൂളിംഗ്, എയര്‍ കണ്ടീഷനിംഗ് സംവിധാനത്തില്‍ നിന്നും പുറംതള്ളപ്പെടുന്ന വെള്ളത്തില്‍ ഫംഗസ് ഉള്‍പ്പെടെയുള്ള പലതരം അണുബാധകള്‍ ഉണ്ടാവുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. നിരവധി പേരാണ് വീഡിയോയെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയത്. ക്ഷേത്ര അധികൃതര്‍ പോലും ഇതിനെ കുറിച്ച് പറയാതിരുന്നത് കഷ്ടം തന്നെയെന്ന് നിരവധി പേര്‍ കമന്റ് ചെയ്തു.