For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

സൈബര്‍ സുരക്ഷ: പ്രസക്തിയും അതിജീവനമെന്ന വെല്ലുവിളിയും

10:24 PM Nov 07, 2024 IST | Online Desk
സൈബര്‍ സുരക്ഷ  പ്രസക്തിയും അതിജീവനമെന്ന വെല്ലുവിളിയും
Advertisement

സാമൂഹ്യ മാധ്യമങ്ങൾ ഒരേസമയം നന്മയുടെയും തിന്മയുടെയും പ്രചാരണം ഏറ്റെടുക്കാറുണ്ട്. വ്യക്തി അധിക്ഷേപങ്ങളുടെയും ആൾക്കൂട്ട വിചാരണകളുടെയും ഇടങ്ങളായി സാമൂഹ്യ മാധ്യമങ്ങൾ മാറുന്നത് നാം സമീപകാലത്ത് ഒരുപാട് കണ്ടതാണ്. ടെലിവിഷന്‍ താര ജോഡികളായ ക്രിസ് വേണുഗോപാലും ദിവ്യ ശ്രീധറും തമ്മിലുള്ള വിവാഹത്തിന്റെ ചിത്രങ്ങളുടെ കീഴിൽ പ്രത്യക്ഷപ്പെട്ട കമന്റുകൾ പലരുടെയും വൈകൃത മനസ്സുകൾ തുറന്നു കാട്ടുന്നതാണ്. സൈബർ ബുള്ളിങ്​ അഥവാ സൈബർ പീഡനങ്ങൾ വർദ്ധിച്ചു വരികയാണ്. കുട്ടികൾ മുതൽ മുതിർന്ന വ്യക്തികൾ വരെ സൈബർ ഭീഷണിയുടെ ഇരകളാകുന്നുണ്ട്. സൈബർ ബുള്ളിയിങ് കുട്ടികളുടെ പഠനത്തെയും മാനസികാരോഗ്യത്തെയും ദോഷമായി ബാധിച്ചേക്കാം.

Advertisement

സാങ്കേതികവിദ്യയും ഇന്റർനെറ്റും ഒരു പ്രധാന പങ്ക് വഹിക്കുന്ന നമ്മുടെ ജീവിതത്തിൽ സ്ത്രീകൾ ആയിരിക്കും സൈബർ മേഖലയിൽ കൂടുതല്‍ ഭീഷണി നേരിടുന്നത്. എങ്ങനെയാണ് സൈബർ ഭീഷണി വളരെ അപകടകരമാക്കുന്നതെന്നുവെച്ചാല്‍ ഒന്നിലധികം വ്യത്യസ്ത സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ദിവസത്തിലെ എപ്പോള്‍ വേണമെങ്കിലും ആരെ വേണമെങ്കിലും ഭീഷണിപ്പെടുത്താന്‍ സാധിക്കുന്നു. തൽക്ഷണ സന്ദേശമയയ്ക്കൽ പ്ലാറ്റ്ഫോമുകൾ, വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ, ഇന്ററാക്ടീവ് ഗെയിമിംഗ് വെബ്സൈറ്റുകൾ, കൂടാതെ ഇ-മെയിൽ പോലുള്ള നിരവധി മാർഗങ്ങളിലൂടെ സൈബർ ബുള്ളിങിന് ഇരയാകുന്നവരുണ്ട്. പലപ്പോഴും സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപങ്ങളിൽ എങ്ങനെയാണ് ഇടപെടേണ്ടത് എന്ന ധാരണക്കുറവ് ഇരകൾക്ക് ഉണ്ടാകാറുണ്ട്. മിക്കപ്പോഴും സൈബർ അതിക്രമങ്ങൾക്ക് ഇരയാകുന്നവർ വിഷാദത്തിലേക്കും ചിലപ്പോൾ ആത്മഹത്യയിലേക്കു മെല്ലാം എത്താറുണ്ട്.ബുളളിങ് നേരിടുന്ന സാഹചര്യങ്ങളിൽ ജീവിതം അവസാനിപ്പിച്ചേക്കാം എന്ന ചിന്തകളും തീരുമാനങ്ങളും തെറ്റാണ്. ധൈര്യത്തോടെ അവ പ്രതിരോധിക്കാൻ നാം ശീലിക്കണം.

പ്രതിരോധ സംവിധാനങ്ങൾ ശക്തമാണ് നമ്മുടെ രാജ്യത്ത്. ഇത്തരം അവസരങ്ങളിൽ സംഭവിച്ച കാര്യങ്ങൾ രക്ഷാകർത്താക്കളോടോ, ബന്ധുക്കളോടോ, അടുത്ത സുഹൃത്തുക്കളോടോ പങ്കുവയ്ക്കണം. സംഭവിച്ചതെന്തോ ആകട്ടെ അവയുടെ തെളിവുകൾ ശേഖരിച്ച് വയ്ക്കുക. സൈബർ സെൽ ഓഫീസ് ഉള്ള പ്രാദേശിക പോലീസ് സ്റ്റേഷനിൽ തെളിവുകൾ സഹിതം പരാതി നൽകേണ്ടതുമാണ്. ഇതുമായി ബന്ധപ്പെട്ട കേസുകൾ എല്ലാം തന്നെ IT Act of 2000 ൽ അധിഷ്ഠിതമാണ് . ഈ ആക്ട് 2000 ജൂൺ ഒമ്പതിനാണ് പ്രാബല്യത്തിൽ വന്നത് . ഈ നിയമത്തിന്റെ പ്രധാന ഉദ്ദേശങ്ങൾ ഡാറ്റാ സുരക്ഷ , ഡാറ്റാ സെക്യൂരിറ്റി , ഇ കോമേഴ്സ് സുരക്ഷ, രാജ്യങ്ങൾ തമ്മിലുള്ള സൈബർ തർക്കങ്ങൾ , രാജ്യസുരക്ഷാ എന്നിവയായിരുന്നു . 2008 ലും 2011 ലും കുറച്ചു ഭേദഗതികൾ കൊണ്ടുവന്നെങ്കിലും അതൊന്നും തന്നെ ഇന്നത്തെക്കാലത്തെ സമൂഹ മാധ്യമങ്ങളിലൂടെയുള്ള സൈബർ ആക്രമങ്ങൾക്ക് ശിക്ഷ കൊടുക്കാൻ പര്യാപ്തമല്ല .

. IT Act of 2000 ലെ സെക്ഷനുകളായ 65 , 66 , 67 / 67A ഒക്കെ പ്രതിപാദിക്കുന്നത് കമ്പ്യൂട്ടർ മുഖേനെയുള്ള ഹാക്കിങ്ങും അതിനുള്ള ശിക്ഷകളുമാണ്. ഇവയിലൊക്കെ മൂന്നുകൊല്ലമോ, അഞ്ചുകൊല്ലമോ തടവുശിക്ഷയോ രണ്ടു മുതൽ പത്തു ലക്ഷം വരെയുള്ള പിഴയോ ഒറ്റക്കോ ഒരുമിച്ചോ വിധിക്കാവുന്നതാണ് . നിലവിലുള്ള സൈബർ നിയമത്തിലെ ഒരു പ്രധാന പോരായ്മ എന്തെന്നുവെച്ചാൽ , സെക്ഷൻ 66-A സുപ്രീം കോടതിവിധി മുഖേന 2015 ൽ റദ്ദ് ചെയ്തിരുന്നു. ശ്രേയ സിംഗാൾ കൊടുത്ത ഒരു കേസിന്മേൽ ആണ് ഈ വിധിപ്രസ്താവിച്ചത്. ഇലക്ട്രോണിക് കമ്മ്യൂണിക്കേഷൻ മുഖാന്തിരം ആർക്കെങ്കിലും മോശമായ കാര്യങ്ങൾ അയച്ചാൽ മൂന്നുകൊല്ലം വരെ തടവുശിക്ഷ ലഭിക്കാവുന്ന ഒരു വകുപ്പായിരുന്നു സെക്ഷൻ 66-A. ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന ആർട്ടിക്കിൾ 19(1 )(എ) ക്ക് എതിരാണീ വകുപ്പ് എന്ന് ചൂണ്ടിക്കാണിച്ചാണ് സെക്ഷൻ 66-A സുപ്രീം കോടതി റദ്ദ് ചെയ്തത്. എല്ലാവരും മനസ്സിലാക്കേണ്ട മറ്റൊരു കാര്യം, IT Act of 2000 നിലവിൽ വരുമ്പോൾ ഇന്ത്യയിലൊന്നും ഇന്നത്തെ പോലെ ഓൺലൈൻ സമൂഹ മാധ്യമങ്ങളും അവയിലൂടെയുളള സൈബർ ആക്രമണങ്ങളും ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ന് നാൾക്കുനാൾ സൈബർ അതിക്രമങ്ങൾ വർധിച്ചുവരികയാണ്. നിയമ നടപടികളും ഇടപെടലുകളും ശക്തമാക്കുന്നതിനൊപ്പം തന്നെ കൃത്യമായ അവബോധവും ജനങ്ങളിൽ ഉണ്ടാക്കേണ്ടതുണ്ട്.

Author Image

Online Desk

View all posts

Advertisement

.