For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ദാന ചുഴലിക്കാറ്റ്: ഒഡിഷയിലും പശ്ചിമ ബംഗാളിലും മഴയും കൊടുങ്കാറ്റും

11:08 AM Oct 25, 2024 IST | Online Desk
ദാന ചുഴലിക്കാറ്റ്  ഒഡിഷയിലും പശ്ചിമ ബംഗാളിലും മഴയും കൊടുങ്കാറ്റും
Advertisement

കൊല്‍ക്കത്ത: ദാന ചുഴലിക്കാറ്റിനെ തുടര്‍ന്ന് വ്യാഴാഴ്ച അര്‍ധരാത്രിക്ക് ശേഷം ഒഡിഷയുടെ തീരദേശ ജില്ലകളില്‍ അതിശക്തമായ മഴയും കൊടുങ്കാറ്റും തുടരുന്നു. പശ്ചിമ ബംഗാളിന്റെ ചില ഭാഗങ്ങളിലും കനത്ത മഴയും ശക്തമായ കാറ്റും വീശിക്കൊണ്ടിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

Advertisement

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഒഡിഷ, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന 400 ട്രെയിനുകള്‍ റദ്ദാക്കി. അതിനിടെ, ചുഴലിക്കാറ്റിനെ തുടര്‍ന്ന് അടച്ചിട്ട കൊല്‍ക്കത്ത, ഭുവനേശ്വര്‍ വിമാനത്താവളങ്ങളിലെ സര്‍വീസുകള്‍ പുനരാരംഭിച്ചു. വ്യാഴാഴ്ച വൈകുന്നേരം മുതല്‍ വെള്ളിയാഴ്ച രാവിലെ വരെ രണ്ട് വിമാനത്താവളങ്ങളും അടച്ചിട്ടിരുന്നു. മുന്‍കരുതല്‍ നടപടിയായി കൊല്‍ക്കത്ത തുറമുഖ അധികൃതര്‍ വെള്ളിയാഴ്ച വൈകുന്നേരം വരെ കപ്പല്‍ ഗതാഗതം നിര്‍ത്തിവച്ചു. ദാന ചുഴലിക്കാറ്റ് കണക്കിലെടുത്ത് ബിജു പട്‌നായിക് അന്താരാഷ്ട്ര വിമാനത്താവളം അടച്ചു.

അതിനിടെ, വലിയ നാശനഷ്ടങ്ങളൊന്നും കൂടാതെ ദന ചുഴലിക്കാറ്റിനെ നേരിടാന്‍ കഴിഞ്ഞതായും 'സീറോ കാഷ്വാലിറ്റി' ദൗത്യം വിജയിച്ചതായും ഒഡിഷ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി പറഞ്ഞു. ചുഴലിക്കാറ്റ് വടക്കന്‍ തീരപ്രദേശമായ ഒഡിഷയില്‍ കേന്ദ്രീകരിച്ചിരിക്കുന്നതായും ധമാര, ഹബാലിഖാത്തി പ്രകൃതി ക്യാമ്പിന്റെ വടക്ക്-വടക്കുപടിഞ്ഞാറ് ഭാഗത്തായി ദുര്‍ബലപ്പെട്ടതായും അധികൃതര്‍ അറിയിച്ചു. ചുഴലിക്കാറ്റ് വടക്കോട്ട് നീങ്ങുന്നത് തുടരുമെന്നും അടുത്ത ആറ് മണിക്കൂറിനുള്ളില്‍ ആഴത്തിലുള്ള ന്യൂനമര്‍ദമായി മാറുമെന്നും കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ ബുള്ളറ്റിന്‍ പറയുന്നു. മരം വീണ് കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.

ഗതാഗത മാര്‍ഗങ്ങള്‍ തകരാറിലായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വ്യാഴാഴ്ച രാത്രി ഒഡീഷ മുഖ്യമന്ത്രിയുമായി സംസാരിച്ച് ദാന ചുഴലിക്കാറ്റിനെ തുടര്‍ന്ന് സ്വീകരിച്ച നടപടികളെക്കുറിച്ച് ആരാഞ്ഞു.ഒഡീഷയുടെ തീരപ്രദേശങ്ങളില്‍ നിരവധി റോഡുകള്‍ തടസ്സപ്പെട്ടിരിക്കുകയാണ്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഹൗറയിലെ സര്‍ക്കാര്‍ കണ്‍ട്രോള്‍ റൂമില്‍ നിന്ന് സ്ഥിതിഗതികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. വെള്ളിയാഴ്ച രാവിലെ കൊല്‍ക്കത്തയിലും കനത്ത മഴ പെയ്തിരുന്നു. ഒഡീഷയില്‍ മുന്‍കരുതല്‍ നടപടിയായി ഏകദേശം 5.84 ലക്ഷം ആളുകളെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍ റിപ്പോര്‍ട്ട് ചെയ്തു. പശ്ചിമ ബംഗാളില്‍ 3.5 ലക്ഷത്തിലധികം ആളുകളെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ഒഴിപ്പിച്ചതായി മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു.

ബംഗാള്‍ ഉള്‍ക്കടലിലും ഒഡിഷ, പശ്ചിമ ബംഗാള്‍ എന്നിവയുടെ തീരപ്രദേശങ്ങളില്‍ വെള്ളിയാഴ്ച രാവിലെ മുതല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ ഇറങ്ങുന്നത് ഒഴിവാക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Tags :
Author Image

Online Desk

View all posts

Advertisement

.