ചെന്നൈയിൽ ചുഴലിക്കാറ്റും പേമാരിയും, രണ്ടു മരണം, വിമാനത്താവളം അടച്ചു
ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂന മർദം ശക്തിപ്രാപിച്ച് മിഷാംഗ് ചുഴലിക്കാറ്റായി കരയിലേക്കു വീശിയടിക്കുന്നു. മച്ചിലിപട്ടണം, മഹാബലിപുരം, ചെന്നൈ എന്നിവിടങ്ങളിലടക്കം വൻ നാശം. മതിലിടിഞ്ഞു രണ്ടു പേർ മരിച്ചു. ചെന്നൈ വിമാനത്താവളം അടച്ചു. ചെന്നൈ വഴിയുള്ള മിക്ക ട്രെയിനുകളും റദ്ദാക്കി. സബ്‌വേകളും അടിപ്പാലങ്ങളും റെയിൽ ട്രാക്കുകളും വെള്ളത്തിൽ മുങ്ങി. വാഹനങ്ങൾ കൂട്ടത്തോടെ ഒലിച്ചുപോയി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മരങ്ങൾ കടപുഴകി. പലയിടങ്ങളിലും വൈദ്യുതിയും നിലച്ചു. മഹാബലിപുരം ബീച്ചിൽ കടൽനിരപ്പ് അഞ്ച് അടിയോളം ഉയർന്നു. പുതുച്ചേരി ബീച്ച് റോഡിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. ചെന്നൈ ഉൾപ്പെടെ ആറു ജില്ലകളിൽ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ നഗരത്തിൽ നിന്ന് 100 കിലമീറ്റർ അകലെയാണ് ചുഴലിക്കാറ്റിന്റെ സ്ഥാനം. നാളെ ഉച്ച വരെ മഴും ശക്തമായ കാറ്റും തുടരുമെന്നാണ് മുന്നറിയിപ്പ്. ജനങ്ങളോടു പുറത്തിറങ്ങരുതെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്.
മിഷാംഗ് ചുഴലിക്കാറ്റ് നാളെ ഉച്ചയോടെ തെക്കേ ആന്ധ്രപ്രദേശ് തീരം തൊടും. ഈ സമയം കാറ്റിന്റെ വേഗത 100 കിലോമീറ്റർ വരെ ആകാനിടയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ചെന്നൈയിലേക്കുള്ള 6 ട്രെയിനുകൾ റദ്ദാക്കിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. വന്ദേ ഭാരത് അടക്കമുള്ള ട്രെയിനുകളാണ് റദ്ദാക്കപ്പെട്ടത്. വിമാന സർവീസുകളെല്ലാം നിലച്ചു. വൈദ്യുതി ബന്ധം പൂർണമായി നിലച്ചു. വാർത്താ വിതരണ സംവിധാനങ്ങളും താറുമാറായി.