‘റിമാൽ’ ചുഴലിക്കാറ്റ്: സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് സാധ്യത
ചെന്നൈ: സംസ്ഥാനത്ത് വിവിധ മേഖകളിൽ ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ‘റിമാൽ’ ചുഴലിക്കാറ്റിന്റെ ഭാഗമായാണ് മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 29 മുതൽ ഒന്നു വരെ മിതമായ മഴ പെയ്തേക്കും. ചെന്നൈയിൽ അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കും. താപനില 2–3 ഡിഗ്രി സെൽഷ്യസ് ഉയർന്നേക്കുമെന്നും കൂടിയ താപനില 39–40 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 29–30 ഡിഗ്രിയും ആയിരിക്കുമെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു.
റിമാൽ ചുഴലിക്കാറ്റിനെ തുടർന്ന് പാമ്പൻ തുറമുഖത്ത് രണ്ടാം മുന്നറിയിപ്പ് പുറപ്പെടുവിച്ചു. മണിക്കൂറിൽ 110–120 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. ശക്തമായ മഴ തുടരുന്ന തെക്കൻ തമിഴ്നാട്ടിൽ താമ്രപർണി നദി കരകവിഞ്ഞ് ഒഴുകുന്നതിനാൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.