റിമാല്‍ ചുഴലിക്കാറ്റ്: നിര്‍ത്തിവെച്ച വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു
കൊല്‍ക്കത്ത: റിമാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് താത്കാലികമായി നിര്‍ത്തിവെച്ച വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു. 21 മണിക്കൂറിന് ശേഷമാണ് സര്‍വീസുകള്‍ പുനരാരംഭിച്ചത്. തിങ്കളാഴ്ച ആദ്യം പുറപ്പടേണ്ട ഇന്‍ഡിഗോയുടെ കൊല്‍ക്കത്ത-പോര്‍ട്ട് ബ്ലെയര്‍ വിമാനം രാവിലെ 8.59 ന് പുറപ്പെട്ടു. കൊല്‍ക്കത്തയില്‍ ആദ്യം ഇറങ്ങിയത് സ്പൈസ് ജെറ്റിന്റെ ഗുവാഹത്തിയില്‍ നിന്നുള്ള വിമാനമായിരുന്നു. രാവിലെ 09.50നാണ് വിമാനം ലാന്‍ഡ് ചെയ്തതെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. മറ്റ് ചില വിമാനങ്ങള്‍ക്കായി ചെക്ക്-ഇന്‍ ഓണായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിന്ന് ഞായറാഴ്ച ഉച്ചയ്ക്ക് 12.16നായിരുന്നു അവസാന വിമാനം. വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചെങ്കിലും സ്ഥിതിഗതികള്‍ സാധാരണ നിലയിലാകാന്‍ ഇനിയും സമയമെടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
റിമാല്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഞായറാഴ്ച ഉച്ച മുതല്‍ 21 മണിക്കൂര്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ കൊല്‍ക്കത്ത വിമാനത്താവള അധികൃതര്‍ നേരത്തെ തീരുമാനിച്ചിരുന്നു. ശനിയാഴ്ച നടന്ന വിമാനത്താവള ഓഹരി ഉടമകളുടെ യോഗത്തിന് ശേഷമാണ് മുന്‍കരുതല്‍ എന്ന രീതിയില്‍ സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്.
അതേസമയം ഞായറാഴ്ച അര്‍ധരാത്രിയോടെ കരതൊട്ട റിമാല്‍ ചുഴലിക്കാറ്റ് കൊല്‍ക്കത്ത ഉള്‍പ്പെടെ പശ്ചിമ ബംഗാളിന്റെ തെക്കന്‍ മേഖലയില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടാക്കിയത്. തീരമേഖലയില്‍ താമസിക്കുന്ന ഒരു ലക്ഷത്തോളം ആളുകളെ മാറ്റി പാര്‍പ്പിച്ചു