ബംഗ്ലാദേശിൽ നാശം വിതച്ച് റിമാൽ ചുഴലിക്കാറ്റ്; മരണം 10 ആയി
ധാക്ക: ബംഗ്ലാദേശിൽ റിമാൽ ചുഴലിക്കാറ്റിൽ 10 പേർ മരിച്ചു. ചുഴലിക്കാറ്റ് സാരമായി ബാധിച്ച സത്ഖിര, ബാരിഷാൽ, ചാട്ടോഗ്രാം, ഭോല, പതുഖാലി എന്നിവിടങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തത്.3.75 ദശലക്ഷം ആളുകളെ ചുരുളിക്കാറ്റ് ബാധിച്ചതായാണ് റിപ്പോർട്ട്. ചുഴലിക്കാറ്റിൽ 35,483 വീടുകൾ തകർന്നതായും 115,992 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും സർക്കാർ അറിയിച്ചു.സംഭവത്തെ തുടർന്ന് 8,00,000-ത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചു. സത്ഖിര, കോക്‌സ് ബസാർ എന്നിവയുൾപ്പെടെ ബംഗ്ലാദേശിലെ ഒമ്പത് തീരദേശ ജില്ലകളിൽ നിന്നും മോംഗ്ല, ചിറ്റഗോങ് തുറമുഖ പ്രദേശങ്ങളിൽ നിന്നും ആളുകളെ അടിയന്തരമായി ഒഴിപ്പിച്ചു.ചുഴലിക്കാറ്റിനെ തുടർന്ന് ബംഗ്ലാദേശ് 10 അന്താരാഷ്ട്ര വിമാനങ്ങൾ റദ്ദാക്കി. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. റിമാൽ ചുഴലിക്കാറ്റിൽ പശ്ചിമ ബംഗാളിൽ ആറ് പേരും മരിച്ചു.