ചുഴലിക്കാറ്റ് മുന്നറിയിപ്പും കനത്ത മഴയും: ഇന്ത്യന്‍ ടീമിന്റെ മടക്കയാത്ര വൈകുന്നു
ബാര്‍ബഡോസ്: ചുഴലിക്കാറ്റ് മുന്നറിയിപ്പും കനത്ത മഴയും കാരണം ബാര്‍ബഡോസ് വിമാനത്താവളം അടച്ചതോടെ ട്വന്റി 20 ലോകകപ്പില്‍ കിരീടം ചൂടിയ ഇന്ത്യന്‍ ടീമിന്റെ മടക്കയാത്ര വൈകുന്നു. ബാര്‍ബഡോസില്‍ന്ന് തിങ്കളാഴ്ച രാവിലെ 11ഓടെ ന്യൂയോര്‍ക്കിലേക്ക് വിമാനം കയറി അവിടെനിന്ന് ദുബൈ വഴി ഇന്ത്യയിലേക്ക് തിരിക്കാനായിരുന്നു തീരുമാനം. നിലവില്‍ ടീം ഇന്ത്യ ബര്‍ബദോസിസിലെ ഹില്‍ട്ടണ്‍ ഹോട്ടലില്‍ തങ്ങുകയാണ്.
ചൊവ്വാഴ്ചയോ ബുധനാഴ്ചയോ മാത്രമേ ടീമിന് പുറപ്പെടാനാവൂവെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ കരീബിയന്‍ ദ്വീപുകള്‍ക്ക് സമീപമുള്ള അതിശക്തമായ ബെറില്‍ ചുഴലിക്കാറ്റ് തിങ്കളാഴ്ച പുലര്‍ച്ചെയോടെ ബാര്‍ബഡോസ് തീരം തൊടുമെന്നും വരും ദിവസങ്ങളില്‍ ശക്തി പ്രാപിക്കുമെന്നുമാണ് മുന്നറിയിപ്പുകള്‍. ഇന്നും അതിശക്തമായ മഴയാണ് ബാര്‍ബഡോസില്‍ പ്രവചിച്ചിരിക്കുന്നത്.
താരങ്ങളും കുടുംബാംഗങ്ങളും പരിശീലക സംഘവും ഉള്‍പ്പെടെ എഴുപതോളം പേരാണ് ഇന്ത്യന്‍ സംഘത്തിലുള്ളത്. ബാര്‍ബഡോസില്‍ നടന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് തോല്‍പിച്ചാണ് ഇന്ത്യ ലോകകപ്പില്‍ മുത്തമിട്ടത്.