ഡി എ കുടിശിക, മാർച്ച് 26 ന് പ്രതിഷേധ ദിനം : കെ പി എസ് ടി എ
തിരുവനന്തപുരം : ഒരു വിഭാഗത്തിന് കുടിശിക സഹിതം ഒരു ഗഡു ഡി എ അനുവദിക്കുകയും അധ്യാപകർക്ക് നിഷേധിക്കുകയും ചെയ്യുന്ന സർക്കാർ വിവേചനത്തിൽ പ്രതിഷേധിച്ച് വിദ്യാലയങ്ങളിൽ മാർച്ച് 26 ന് അധ്യാപകർ ബാഡ്ജ് ധരിച്ച് പ്രതിഷേധിക്കാൻ കെ പി എസ് ടി എ സംസ്ഥാന കമ്മറ്റി തീരുമാനിച്ചു. 21 ശതമാനം ഡി എ കുടിശികയിൽ 2 ശതമാനം മാത്രം അനുവദിക്കുകയും അതിൽ 3 വർഷത്തെ കുടിശിക നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ല. രണ്ട് വർഷത്തെ ശമ്പള പരിഷ്കരണ കുടിശികയും നൽകാനുള്ള സർക്കാർ നയം മൂലം ഭാരിച്ച സാമ്പത്തിക നഷ്ടമാണ് അധ്യാപകർക്ക് ഉണ്ടാകുന്നത്.
പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്താൻ സന്തുഷ്ടമായ വിദ്യാലയ അന്തരീക്ഷം ഒരുക്കേണ്ട സർക്കാർ കൃത്യമായ നയങ്ങളില്ലാതെ ഈ മേഖലയെ തകർക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും കെ പിഎസ് ടി എ സംസ്ഥാന കമ്മറ്റി കുറ്റപ്പെടുത്തി. സംസ്ഥാന പ്രസിഡൻ്റ് കെ അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ അരവിന്ദൻ ട്രഷറർ വട്ടപ്പാറ അനിൽകുമാർ ഭാരവാഹികളായ ഷാഹിദ റഹ്മാൻ, എൻ രാജ്മോഹൻ, കെ രമേശൻ, ബി സുനിൽകുമാർ, ബി ബിജു, അനിൽ വെഞ്ഞാറമൂട്, ടി.യു സാദത്ത്, പി എസ് ഗിരീഷ് കുമാർ, സാജു ജോർജ്, പി.വി ജ്യോതി, ബിജയചന്ദ്രൻ പിള്ള, ജി.കെ ഗിരിഷ്, ജോൺ ബോസ്കോ, വർഗീസ് ആൻ്റണി,മനോജ് പി എസ്, പി എം നാസർ, പി.വിനോദ്കുമാർ, എം.കെ അരുണ എന്നിവർ സംസാരിച്ചു.