ഡി എ കുടിശ്ശിക നിഷേധം ഇടതു സര്‍ക്കാരിന്റെ പോക്കറ്റടി: സെക്രട്ടറിയേറ്റ് ആക്ഷന്‍ കൗണ്‍സില്‍
തിരുവനന്തപുരം: ജീവനക്കാരുടെ ആശങ്കകള്‍ ശരിവക്കും വിധം 39 മാസത്തെ ഡി എ കുടിശ്ശിക എല്‍ ഡി എഫ് സര്‍ക്കാര്‍ വീണ്ടും കവര്‍ന്നെടുത്തതായും ഇത് ഇടതു സര്‍ക്കാരിന്റെ പോക്കറ്റടിയാണെന്നും സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ഇര്‍ഷാദ് എം എസ് ആരോപിച്ചു.2021 ജൂലൈ 1 മുതല്‍ അര്‍ഹമായ ഡി എ അനുവദിച്ചത് 2024 ഒക്ടോബര്‍ മുതലാണ്. എന്നാല്‍ ഡി എ അനുവദിച്ച ഉത്തരവില്‍ കുടിശ്ശികയെക്കുറിച്ച് യാതൊരു പരാമര്‍ശവുമില്ല. ഇപ്പോഴത്തെ ഉത്തരവിലൂടെ മാത്രം ജീവനക്കാര്‍ക്ക് 35 ദിവസത്തെ ശമ്പളത്തിന് തുല്യമായ തുക നഷ്ടപ്പെട്ടു. രണ്ടാം പിണറായി സര്‍ക്കാര്‍ ആകെ അനുവദിച്ചത് 2 ഗഡു ഡി എ മാത്രമാണ്. രണ്ട് ഉത്തരവിലും ജീവനക്കാര്‍ക്ക് ഡി എ യുടെ കുടിശ്ശിക തുക നിഷേധിച്ചു. ഏപ്രില്‍ മാസത്തില്‍ ഡി എ അനുവദിച്ചപ്പോഴും കുടിശ്ശിക അനുവദിച്ചിരുന്നില്ല.
ഇതോടെ ആകെ 78 മാസത്തെ 5% ശതമാനം തുക ജീവനക്കാര്‍ക്ക് അന്യമായി.ആറു ഗഡു ഡി എ ഇനിയും അനുവദിക്കാനുണ്ട്.
ഇടതുഭരണം സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശങ്ങളുടെ ശവപറമ്പായി മാറി.
ഉപഭോക്തൃ വില സൂചികയിലധിഷ്ഠിതവും വിലക്കയറ്റ സമീകരണമെന്ന നിലയിലും നല്‍കുന്ന കാലാകാലങ്ങളിലെ ഡി എ ജീവനക്കാരന്റെ അവകാശമാണ്. എന്നാല്‍ അര്‍ഹമായ തീയതിയെ കുറിച്ച് യാതൊരു പരാമര്‍ശം പോലും നടത്താതെ ക്ഷാമബത്ത ഭരിക്കുന്ന സര്‍ക്കാരിന്റെ ഔദാര്യമെന്ന നിലയിലാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ കാണുന്നത്. ഇത് തികച്ചും തൊഴിലാളി വിരുദ്ധമാണ്. ജീവനക്കാര്‍ക്ക് അര്‍ഹമായ 78 മാസത്തെ 5 % ഡി എ നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ 28 ന് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തുമെന്ന് സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ഇര്‍ഷാദ് എം എസ്
കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പുരുഷോത്തമന്‍ കെ പി, കേരള ഫൈനാന്‍സ് സെക്രട്ടേറിയറ്റ് അസോസിയേഷന്‍ പ്രസിഡന്റ് പി എന്‍ മനോജ്കുമാര്‍, ജനറല്‍ സെക്രട്ടറിഎസ് പ്രദീപ്കുമാര്‍, കേരള ലാ സെക്രട്ടേറിയറ്റ് അസോസിയേഷന്‍ പ്രസിഡന്റ് കുമാരി അജിത പി, ജനറല്‍ സെക്രട്ടറി മോഹനചന്ദ്രന്‍ എം എസ്, കേരള ലെജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് ഷിബു ജോസഫ്, ജനറല്‍ സെക്രട്ടറി വി എ ബിനു എന്നിവര്‍ അറിയിച്ചു