ഡിഎ കുടിശ്ശിക, ഇടതു സർക്കാർ ജീവനക്കാരെ വഞ്ചിച്ചിരിക്കുന്നു ; കെ പി എസ് ടി എ
2019 ൽ നടപ്പിലാക്കേണ്ട ശമ്പള പരിഷ്കരണം 2021 ഫെബ്രുവരിയിൽ അനുവദിച്ചപ്പോൾ ശമ്പളത്തോടൊപ്പം നൽകിയ 7 % ഡിഎ മാത്രമാണ് ഇപ്പോഴും ജീവനക്കാർക്ക് സർക്കാർ നൽകി വരുന്നത്. 2021 ജനുവരി മുതൽ 24 ജനുവരി വരെ നിലവിൽ 7 ഗഡു (21 %) ഡിഎ കുടിശ്ശികയാണ്.
കഴിഞ്ഞ ബഡ്ജറ്റിൽ പ്രഖ്യാപിച്ചതുപോലെ 2 % ഡിഎ അനുവദിച്ച് സർക്കാർ ഇന്നലെ(12/03/2024) ഉത്തരവിറക്കി. എന്നാൽ ഇത് തികച്ചും വഞ്ചനാപരമായ ഒരു ഉത്തരവാണ്. 2021 ജനുവരിയിൽ അനുവദിക്കേണ്ട 2 % ഡിഎ ആണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. പക്ഷേ ഡിഎ കുടിശ്ശിക അനുവദിക്കാതെ 2024 മെയ് മാസത്തിൽ ലഭിക്കുന്ന, 2024 ഏപ്രിൽ മാസത്തെ ശമ്പളത്തിലാണ് 2 % വർദ്ധന നടപ്പിലാക്കിയിരിക്കുന്നത്. 2021 ജനുവരി മുതൽ 2024 മാർച്ച് വരെ 39 മാസത്തെ കുടിശിക അനുവദിച്ചിട്ടില്ല. 2021 ജനുവരി മുതൽ സർവീസിൽ നിന്ന് റിട്ടയർ ചെയ്തവർക്കും, ഇപ്പോൾ സർവീസിൽ ഉണ്ടെങ്കിലും 2024 മാർച്ചിൽ പിരിയുന്നവർക്കും ഇതിന്റെ യാതൊരുവിധ ആനുകൂല്യവും ലഭിക്കാൻ പോകുന്നില്ല. ഇപ്പോൾ അനുവദിച്ച ഡിഎ ഇനത്തിൽ മാത്രം 50,000 രൂപയും, അനുവദിക്കാതെ കിടക്കുന്ന ഡിഎ കണക്കാക്കിയാൽ ഏകദേശം 3 ലക്ഷം രൂപ വരെയും ഒരു സാധാരണ ജീവനക്കാരന്റെ പോക്കറ്റിൽ നിന്നും ഈ സർക്കാർ അടി ച്ചു മാറ്റിയിരിക്കുകയാണ് എന്നുള്ളതാണ് വസ്തുത. ഇതുപോലെ ജീവനക്കാരുടെ പോക്കറ്റ് കൊള്ളയടിക്കുന്ന ഒരു സർക്കാർ ഇതിനുമുമ്പ് കേരളത്തിൽ ഉണ്ടായിട്ടില്ല.
സാധാരണക്കാരായ സർക്കാർ ജീവനക്കാർക്ക് 2% മാത്രം ഡിഎ അനുവദിച്ചപ്പോൾ സ്വന്തം ഭാര്യ ജോലി ചെയ്യുന്ന കോളേജ് അധ്യാപക മേഖലയിൽഒറ്റയടിക്ക് 14 % ഡിഎ വർദ്ധിപ്പിച്ച് നൽകാൻ ധനമന്ത്രിക്ക് യാതൊരുവിധ മടിയും ഉണ്ടായിരുന്നില്ല. ഐ.എ.എസ്.,ഐ.പി.എസ്., ജുഡീഷ്യൽ ഓഫീസേഴ്സ് കാറ്റഗറിയിലുള്ള എല്ലാവർക്കും ഒരു രൂപ പോലും കുടിശ്ശികയില്ലാതെ മുഴുവൻ ഡിഎ യും അനുവദിച്ചു കൊടുക്കാൻ ധനമന്ത്രിക്ക് യാതൊരു സാമ്പത്തിക ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. ഈ വിഭാഗങ്ങൾക്ക് 46% ഡിഎ ആണ് ലഭിക്കുന്നത്. 28% ഡിഎ മാത്രം ലഭിക്കേണ്ട സാധാരണ സർക്കാർ ജീവനക്കാർക്കും, അധ്യാപകർക്കും 9 % ഡിഎ മാത്രം നൽകി 19 % കുടിശ്ശിക നിലനിർത്തുകയും, അനുവദിച്ച 2 % ന്റെ പോലും അരിയർ നൽകാതിരിക്കുകയും ചെയ്യുക എന്നത് ഈ സർക്കാർ ജീവനക്കാരോട് കാണിക്കുന്ന വലിയ അനീതിയാണ്, വഞ്ചനയാണ്, സർക്കാരിന്റെ ഇരട്ടത്താപ്പാണ്. ഇതിലുള്ള കെ പി എസ് ടി എ യുടെ ശക്തമായ പ്രതിഷേധം അറിയിക്കുന്നതോടൊപ്പം, ഇറക്കിയ ഉത്തരവ് പിൻവലിച്ച് 2021 ജനുവരി മുതലുള്ള 39 മാസത്തെ ഡിഎ അരിയർ അനുവദിക്കാൻ സർക്കാർ തയ്യാറാവണമെന്നും, കോളേജ് അധ്യാപകർക്ക് അനുവദിച്ച 14 % ഡിഎ എങ്കിലും അനുവദിക്കാൻ തയ്യാറാകണമെന്നും കെ പി എസ് ടി എ സംസ്ഥാന സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി കെ അരവിന്ദൻ , ട്രഷറർ വട്ടപ്പാറ അനിൽകുമാർ, കെപിഎസ്ടിഎ ഭാരവാഹികളായ ഷാഹിദ റഹ്മാൻ, കെ രമേശൻ , എൻ രാജ്മോഹൻ , ബി സുനിൽകുമാർ , ബി ബിജു, വി ഡി എബ്രഹാം, അനിൽ വെഞ്ഞാറമൂട്, ടി.യു സാദത്ത്, പി വി ജ്യോതി, സാജു ജോർജ്, പി എസ് ഗിരീഷ് കുമാർ, ബി ജയചന്ദ്രൻ പിള്ള, ജി.കെ ഗിരീഷ്, ജോൺ ബോസ്കോ,വർഗീസ് ആന്റണി, മനോജ് പി എസ്, പി എം നാസർ, പി വിനോദ് കുമാർ, ആർ.അരുണ എന്നിവർ സംസാരിച്ചു.