ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
സംസ്ഥാന സർക്കാർ ജീവനക്കാർക്ക് കുടിശ്ശികയായ ഏഴ് ഗഡു ഡി എ യിൽ ഒരെണ്ണം മാത്രം അനുവദിക്കാൻ തീരുമാനിച്ച എൽ ഡി എഫ് സർക്കാർ നടപടി നിരാശാജനകമാണെന്ന് കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് ഇർഷാദ് എം എസും ജനറൽ സെക്രട്ടറി പുരുഷോത്തമൻ കെ പി യും അഭിപ്രായപ്പെട്ടു.ഇപ്പോഴത്തെ പ്രഖ്യാപനം കേവലം ഉപതെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട്, ജീവനക്കാരുടെ എതിർപ്പ് മറികടക്കാനുള്ള കൗശലം മാത്രമാണ്.
2021 ജൂലൈ 1 മുതൽ ജീവനക്കാർക്ക് അർഹമായ ഡി എ ആണ് 40 മാസങ്ങൾക്ക് ശേഷം സർക്കാർ അനുവദിക്കുന്നത്. ഇപ്പോൾ ലഭ്യമാക്കുന്ന ഡി എക്ക് പൂർവകാല പ്രാബല്യമുണ്ടെന്ന് ധനമന്ത്രിയുടെ പ്രസ്താവനയിൽ വ്യക്തമാക്കാത്തതിനാൽ 40 മാസത്തെ കുടിശ്ശിക ജീവനക്കാർക്ക് നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്. ഇപ്പോൾ അനുവദിക്കുന്നതു കൂടാതെ 19% ഡി എ ജീവനക്കാർക്ക് കുടിശ്ശികയാണ്. പ്രതിമാസം വീണ്ടും അഞ്ചിലൊന്ന് ശമ്പളം ജീവനക്കാർക്ക് നിഷേധിക്കുകയാണ്.
കേരള ചരിത്രത്തിൽ ഒരിക്കൽ പോലും ജീവനക്കാർ ഇത്തരമൊരു ദയനീയ സാഹചര്യത്തിലൂടെ കടന്നു പോയിട്ടില്ല. ഇനിയും പ്രതിമാസം ജീവനക്കാർക്ക് 4370 രൂപ മുതൽ 31692 രൂപ വരെ നഷ്ടപ്പെടുകയാണ്.ഈ സാമ്പത്തിക വർഷം മുതൽ പ്രതിവർഷം രണ്ട് ഗഡു ഡി എ അനുവദിക്കാനാണുദ്ദേശിക്കുന്നതെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ധനമന്ത്രി ഊന്നിപ്പറഞ്ഞതിലൂടെ ഇടതുഭരണത്തിൽ എന്നും എക്കാലവും 6 ഗഡു ഡി എ ജീവനക്കാർക്ക് കുടിശ്ശികയായിരിക്കുമെന്ന് തീർച്ചയായിരിക്കുന്നു.മെച്ചപ്പെട്ട ശമ്പള പരിഷ്ക്കരണമാണ് കേരളത്തിൽ നടപ്പാക്കിയതെന്ന ധനമന്ത്രിയുടെ അവകാശവാദം പൊള്ളയാണ്.
കേരള ചരിത്രത്തിലെ ഏറ്റവും മോശം ശമ്പള പരിഷ്ക്കരണമാണ് ഒന്നാം പിണറായി സർക്കാർ നടപ്പാക്കിയത്. സർവീസ് വെയ്റ്റേജും സിറ്റി കോമ്പൻസേറ്ററി അലവൻസും എടുത്ത് കളഞ്ഞ പരിഷ്ക്കരണം അന്നുവരെ നിലനിന്ന എല്ലാ ഫിക്സേഷൻ ഫോർമുലകളും അട്ടിമറിച്ച ശമ്പള ഘടനയുടെ മജ്ജയും മാംസവും ചോർത്തിക്കളഞ്ഞ ഒന്നായിരുന്നു. ആയതിനാൽ ആനുകൂല്യങ്ങൾ അനുവദിക്കുന്നതിൻ്റെ പ്രതിബദ്ധതയുടെ കാര്യത്തിൽ വാചാടോപം ഉപേക്ഷിച്ച് ഡി എ കുടിശ്ശികയും ശമ്പള പരിഷ്ക്കരണവും ലീവ് സറണ്ടറും അനുവദിക്കാൻ നടപടികളാണ് വേണ്ടതെന്നും അല്ലാത്തപക്ഷം പ്രക്ഷോഭപാതയിൽ മുന്നോട്ട് പോകുമെന്നുംകേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് ഇർഷാദ് എം എസും ജനറൽ സെക്രട്ടറി പുരുഷോത്തമൻ കെ പി യും അറിയിച്ചു.