കൊല്ലത്ത് ആളുമാറി ദളിത് യുവാവിനെ കസ്റ്റഡിയിൽ എടുത്ത് മർദ്ദിച്ചു; പൊലീസുകാർക്കും ഗുണ്ടകൾക്കുമെതിരെ കേസ്
കൊല്ലം: ചടയമംഗലത്ത് ആളുമാറി ദളിത് യുവാവിനെ കസ്റ്റഡിയിൽ എടുത്ത് മർദ്ദിച്ച സംഭവത്തിൽ പൊലീസുകാർക്കും ഗുണ്ടകൾക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കാട്ടാക്കട എസ് ഐ മനോജ്, ഒപ്പമുണ്ടായിരുന്ന മൂന്ന് ഗുണ്ടകൾ, ഒരു പൊലീസുകാരൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്.
കാട്ടാക്കട സ്റ്റേഷൻ പരിധിയിലെ കേസുമായി ബന്ധപ്പെട്ട് പ്രതിയെ പിടികൂടാനെത്തിയ എസ് ഐയും സംഘവും സുരേഷിനെ മർദ്ദിച്ചെന്നാണ് പരാതി. പ്രദേശത്തെ ഗുണ്ടകളുടെ സഹായത്തോടെയാണ് പൊലീസ് സുരേഷിൻ്റെ വീട്ടിലെത്തിയത്. സുരേഷിനെ കസ്റ്റഡിയിലെടുത്ത് വാഹനത്തിൽ കൊണ്ടുപോയെങ്കിലും ആളുമാറിയെന്ന് മനസിലായതോടെ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. സുരേഷിൻ്റെ ഭാര്യ ബിന്ദുവിനെയും പൊലീസുകാരും ഗുണ്ടകളും ചേർന്ന് അസഭ്യം പറഞ്ഞെന്നും മർദ്ദിച്ചെന്നും പരാതിയുണ്ട്. കൊട്ടാരക്കര ഡിവൈഎസ്പിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസുകാർക്കെതിരെ കേസെടുത്തത്.