വീണ്ടും ഇരുട്ടടി വരുന്നു; ഏപ്രിലിൽ വൈദ്യുതി നിയന്ത്രണം
തിരുവനന്തപുരം: വൈദ്യുതി നിരക്ക് ഭീമമായി വർധിപ്പിച്ചതിന് പിന്നാലെ, സർക്കാരിന്റെ വക വീണ്ടും ഇരുട്ടടി വരുന്നു. ഏപ്രിൽ, മെയ് മാസങ്ങളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താനാണ് ആലോചന. വേനൽ മൂർധന്യത്തിലെത്തുന്നതോടെ വരും മാസങ്ങളിൽ വൈദ്യുതി ക്ഷാമം രൂക്ഷമാകും. അത് പരിഹരിക്കണമെങ്കിൽ കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടി വരും. എന്നാൽ, വൈദ്യുതി ബോർഡിൽ അതീവ ഗുരുതര സാമ്പത്തിക പ്രതിസന്ധിയാണെന്നും കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കഴിയില്ലെന്നുമാണ് നിലപാട്. വൈദ്യുതി ഉപഭോഗം വൻതോതിൽ കൂടുന്നതും കുറഞ്ഞ വിലയ്ക്ക് വൈദ്യുതി കിട്ടാനില്ലാത്തതും കുടിശ്ശിക പെരുകുന്നതുമാണ് ബോർഡിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുന്നതെന്നാണ് വിശദീകരണമെങ്കിലും, വൈദ്യുതി ബോർഡിലെ അഴിമതിയും കൊള്ളയുമാണ് ഇത്രയധികം പ്രതിസന്ധിയുണ്ടാക്കിയതെന്ന് ജീവനക്കാർ തന്നെ പറയുന്നു.
കുറഞ്ഞവിലയ്ക്ക് വൈദ്യുതി ലഭിച്ചുകൊണ്ടിരുന്ന ദീര്‍ഘകാല കരാറുകൾ റെഗുലേറ്ററി കമ്മിഷൻ റദ്ദാക്കിയത് പുനഃസ്ഥാപിച്ചെങ്കിലും ഈ കരാര്‍ വഴി വൈദ്യുതി കിട്ടുന്നില്ല. ഫെബ്രുവരി വരെ 230 കോടി യൂണിറ്റ് ശരാശരി 5.35 രൂപയ്ക്ക് വാങ്ങിയതിന് 1000 കോടിയിലധികം ചെലവായി. ഇതിൽ 250 കോടി രൂപ അധിക ബാധ്യതയാണ്. പെന്‍ഷനും മറ്റ് ചിലവുകള്‍ക്കുമായി ഇലക്ട്രിഫിക്കേഷൻ കോർപ്പറേഷനിൽനിന്ന് 500 കോടി രൂപ വായ്പയെടുക്കേണ്ടിവന്നു. മാർച്ചിലെ ആദ്യ ആഴ്ച വൈദ്യുതിവാങ്ങാൻ 200 കോടി രൂപ വേണം. ഇതിനും വായ്പയെടുക്കേണ്ടിവരും.
വൈദ്യുതിബിൽ കുടിശ്ശിക 5000 കോടി കടന്നു. ഇതിൽ 3500 കോടി രൂപ സർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങൾ നൽകേണ്ടതാണ്. ജല അതോറിറ്റിമാത്രം 3000 കോടി രൂപയിലേറെ നൽകാനുണ്ട്. ജലഅതോറിറ്റി ഉൾപ്പെടെയുള്ള സർക്കാർസ്ഥാപനങ്ങളുടെ കുടിശ്ശിക ലഭിക്കാതെ ഇനി ഒരിഞ്ചുപോലും മുന്നോട്ടുപോകാനാവില്ലെന്ന് വൈദ്യുതി ബോർഡ് സർക്കാരിനെ അറിയിച്ചിട്ടുണ്ട്.