300 കോടിയുടെ സ്വത്ത് സ്വന്തമാക്കാൻ മരുമകളുടെ ക്രൂരത; ഭർതൃപിതാവിന്റെ മരണം ക്വട്ടേഷൻ കൊലപാതകം
മുംബൈ: മുന്നൂറുകോടി രൂപയുടെ സ്വത്ത് സ്വന്തമാക്കാൻ ഭർതൃപിതാവിനെ കൊല്ലാൻ ക്വട്ടേഷൻ നല്‍കിയത് മരുമകള്‍. നാഗ്പുർ സ്വദേശിയായ പുരുഷോത്തം പുട്ടേവാർ(82) കാറിടിച്ച് മരിച്ച സംഭവവാണ് ക്വട്ടേഷൻ കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തിയത്.കേസില്‍ പുരുഷോത്തം പുട്ടേവാറിന്റെ മകന്റെ ഭാര്യയായ അർച്ചന മനീഷ് പുട്ടേവാറി(53)നെ പോലീസ് അറസ്റ്റ് ചെയ്തു. നാഗ്പുരിന് സമീപം ഗദ്ഛിരോളിയില്‍ ടൗണ്‍ പ്ലാനിങ് വകുപ്പിലെ അസി. ഡയറക്ടറാണ് പ്രതി.
മേയ് 22-നാണ് നാഗ്പുരിലെ ബാലാജി നഗറില്‍വെച്ചാണ് വ്യാപാരിയായ പുരുഷോത്തം പുട്ടേവാർ കാറിടിച്ച് മരിച്ചത്. മകളുടെ വീട്ടിലേക്ക് നടന്നുപോകുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് ചില മാധ്യമങ്ങളുടെ റിപ്പോർട്ട്. എന്നാല്‍, ആശുപത്രിയില്‍ കഴിയുന്ന ഭാര്യയെ സന്ദർശിച്ച് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായതെന്നും റിപ്പോർട്ടുകളുണ്ട്. നടന്നുപോവുകയായിരുന്ന പുരുഷോത്തമിനെ അതിവേഗത്തിലെത്തിയ കാർ ഇടിച്ചിടുകയും റോഡിലൂടെ വലിച്ചിഴക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവം സാധാരണരീതിയിലുള്ള അപകടമാണെന്നായിരുന്നു പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. ഇതേത്തുടർന്ന് കാർ ഡ്രൈവറെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയക്കുകയുംചെയ്തു. എന്നാല്‍, അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചപ്പോള്‍ അപകടം സംബന്ധിച്ച് ചില സംശയങ്ങള്‍ ഉയർന്നു. ഇതോടെ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഈ അന്വേഷണത്തിലാണ് സംഭവം ക്വട്ടേഷൻ കൊലപാതകമാണെന്നും മരിച്ചയാളുടെ മരുമകളാണ് കൊലപാതകം ആസൂത്രണംചെയ്തതെന്നും വ്യക്തമായത്. തുടർന്ന് പ്രതിയായ അർച്ചനയെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റിലായ അർച്ചന പുരുഷോത്തമിന്റെ മകനും ഡോക്ടറുമായ മനീഷിന്റെ ഭാര്യയാണ്. പുരുഷോത്തമിന്റെ പേരിലുള്ള 300 കോടി രൂപയുടെ സ്വത്തിന്റെ അനന്തരാവകാശി ആരാണെന്നതിനെച്ചൊല്ലി കുടുംബത്തില്‍ തർക്കംനിലനിന്നിരുന്നു. ഇതിനൊപ്പം ഭർതൃപിതാവിനോടുള്ള പകയും കൊലപാതകത്തിന് കാരണമായി. തുടർന്ന് സ്വത്ത് സ്വന്തമാക്കാനായി അർച്ചനയാണ് കൊലപാതകം ആസൂത്രണംചെയ്തത്. ഇതിനായി ഭർത്താവിന്റെ ഡ്രൈവറുടെ സഹായവും തേടി.
ഭർത്താവിന്റെ ഡ്രൈവറായ സർഥക് ബാഗ്ഡെ എന്നയാളാണ് കൃത്യം നടത്താൻ അർച്ചനയെ സഹായിച്ചത്. ഇയാള്‍ മുഖേന സച്ചിൻ ധർമിക് എന്ന ക്വട്ടേഷൻസംഘത്തലവനെ കണ്ടെത്തി. തുടർന്ന് നീരജ് നിംജെ എന്നയാളാണ് കാറിടിപ്പിച്ച് 82-കാരനെ കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു. കൃത്യം നടത്തിയാല്‍ ഒരുകോടി രൂപയാണ് അർച്ചന ക്വട്ടേഷൻ സംഘത്തിന് വാഗ്ദാനംചെയ്തിരുന്നത്. മുൻകൂറായി മൂന്ന് ലക്ഷം രൂപയും ഏതാനും സ്വർണാഭരണങ്ങളും അർച്ചന മറ്റുപ്രതികള്‍ക്ക് നല്‍കിയിരുന്നു. ഇതിനിടെ സച്ചിനും സർഥക്കും ചേർന്നാണ് കൃത്യം നടപ്പിലാക്കാനുള്ള സെക്കൻഡ് ഹാൻഡ് കാർ വാങ്ങിയത്. ഇതിനായി സച്ചിൻ 40,000 രൂപയും സർഥക്ക് 1.20 ലക്ഷം രൂപയും ചെലവാക്കിയെന്നും പോലീസ് പറഞ്ഞു.
കേസില്‍ അർച്ചനയ്ക്ക് പുറമേ ക്വട്ടേഷൻസംഘത്തലവനായ സച്ചിനെയും കാറോടിച്ച നീരജിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം, അർച്ചനയുടെ ഭർത്താവിന്റെ ഡ്രൈവറായ സർഥക് ബാഗ്ഡെ ഒളിവിലാണ്. അർച്ചന പ്രതികള്‍ക്ക് നല്‍കിയ പണവും ആഭരണങ്ങളും പോലീസ് ഇവരുടെ വീടുകളില്‍നിന്ന് കണ്ടെടുത്തു. സംഭവത്തില്‍ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയശേഷം വിശദമായ അന്വേഷണം തുടരുമെന്നും പോലീസ് അറിയിച്ചു.