കൊണ്ടോട്ടിയിൽ നാലു വയസുകാരന്റെ മരണം ചികിത്സാപ്പിഴവ് മൂലം
മലപ്പുറം: കൊണ്ടോട്ടിയിൽ നാലുവയസ്സുകാരൻ മരിച്ചത് ചികിത്സാപ്പിഴവ് മൂലമെന്ന് സ്ഥിരീകരിച്ചു. അനസ്‌തീസിയ നൽകിയ അളവ് വർധിച്ചതാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. അരിമ്പ്ര കൊടക്കാടൻ നിസാറിന്റെ മകൻ മുഹമ്മദ് ഷാസിൽ ആണ് കഴിഞ്ഞ ഒന്നിന് വൈകിട്ട് ആറു മണിക്ക് കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
കളിക്കുന്നതിനിടെ അണ്ണാക്കിൽ കമ്പുതട്ടി കുട്ടിക്ക് മുറിവേറ്റിരുന്നു. തുടർന്ന് കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുറിവു തുന്നുന്നതിനായി കുട്ടിക്ക് അനസ്തീസിയ നൽകിയതിനെ തുടർന്ന് സ്ഥിതി വഷളാവുകയും കുട്ടി മരിക്കുകയും ചെയ്തു. അന്നുതന്നെ അനസ്തീസിയ നൽകിയതിലെ പിഴവാണ് കുട്ടിയുടെ മരണകാരണം എന്ന് കുടുംബം ആരോപിച്ചിരുന്നു. ഇതിനെ ശരിവയ്ക്കുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നത്.
കുട്ടി മരിച്ചത് അണ്ണാക്കിൽ കമ്പ് കുത്തിയുണ്ടായ മുറിവ് കാരണമല്ലെന്നും നാലുവയസ്സുള്ള കുട്ടിക്ക് നൽകേണ്ട അളവിലല്ല അനസ്തീസിയ നൽകിയതെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാണ്. ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ കൊണ്ടോട്ടി പൊലീസ് കേസെടുത്തിട്ടുണ്ട്.