എഡിഎം കെ നവീൻ ബാബുവിന്റെ മരണം; പി പി ദിവ്യ കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ ഹാജരായി
കണ്ണൂർ: എഡിഎം നവീൻ ബാബു ജീവനൊടുക്കിയ കേസിലെ പ്രതിയായ പി.പി.ദിവ്യ കണ്ണൂർ ടൗൺ പൊലിസ് സ്റ്റേഷനിൽ ഹാജരായി. രാവിലെ 10.30നാണ് ദിവ്യ അന്വേഷണ ഉദ്യോഗസ്ഥനായ കണ്ണൂർ ടൗൺ എസ്എച്ച്ഒ ശ്രീജിത്ത് കോടേരിയുടെ മുൻപിൽ ഹാജരായി ഒപ്പിട്ടത്. എല്ലാ തിങ്കളാഴ്ചയും രാവിലെ 10 മുതൽ 11 വരെയുള്ള സമയത്തിനുള്ളിൽ ഹാജരാകണമെന്ന് ജാമ്യ വ്യവസ്ഥയിൽ കോടതി ഉത്തരവിട്ടിരുന്നു.
രജിസ്റ്ററിൽ ഒപ്പ് രേഖപ്പെടുത്തിയതിന് ശേഷം ദിവ്യ മടങ്ങി. അര മണിക്കൂറോളമാണ് ദിവ്യ സ്റ്റേഷനിൽ ചെലവഴിച്ചത്. എന്തെങ്കിലും പറയാനുണ്ടോയെന്ന് മാധ്യമപ്രവർത്തകർ ചോദിച്ചെങ്കിലും ഒന്നും പറയാതെ ടൗൺ സ്റ്റേഷനു മുൻപിൽ നിർത്തിയിട്ട കാറിൽ കയറി ദിവ്യ മടങ്ങി. ജില്ലാ പഞ്ചായത്ത് ഓഫിസിനു മുൻപിൽ തന്നെ കാണാനായി കാത്തുനിന്ന സഹപ്രവർത്തകരോട് കൈ വീശി യാത്ര പറഞ്ഞാണ് ദിവ്യ അഭിഭാഷകന്റെ നീല കാറിൽ മടങ്ങിയത്. ജില്ലാ പഞ്ചായത്തംഗം കെ.വി. ബിജു, അഭിഭാഷകർ, പ്രദേശിക നേതാക്കൾ എന്നിവർ ദിവ്യയോടൊപ്പമുണ്ടായിരുന്നു. അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്ന് പി പി ദിവ്യ വ്യക്തമാക്കിയിരുന്നു.