നവീൻ ബാബുവിന്റെ മരണം; എങ്ങുമെത്താതെ അന്വേഷണം
കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണം റിപ്പോർട്ടുകളും തുടർനടപടികളും എങ്ങുമെത്തിയില്ല. നവീൻ ബാബുവിന് കൈക്കൂലി കൊടുത്തെന്ന് ആരോപിച്ച ടി വി പ്രശാന്തിനെതിരെ കൂടുതൽ നടപടിയുമില്ല. വിവരാവകാശ നിയമപ്രകാരം പോലും റിപ്പോർട്ടുകൾ പുറത്ത് വിടില്ലെന്ന നിലപാടിലാണ് സർക്കാർ. നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ലാൻറ് റവന്യു ജോയിന്റ് കമ്മീഷണർ നടത്തിയ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയിട്ട് മൂന്നാഴ്ചയായി. ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് പറഞ്ഞവർ തന്നെയാണ് കഴിഞ്ഞ ഒരു മാസമായി അനങ്ങാതിരിക്കുന്നതും.
എഡിഎം കൈക്കൂലി വാങ്ങിയതിനും പമ്പിന് അനുമതി വൈകിപ്പിച്ചതിനും ഒരു തെളിവും ഇല്ലെന്ന ലാൻഡ് റവന്യു ജോയിന്റെ കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ടിൽ തുടർ നടപടി ആവശ്യപ്പെടുന്ന കുറിപ്പ് സഹിതം റവന്യു മന്ത്രി മുഖ്യമന്ത്രിക്ക് കൈമാറിയത് നവംബർ ഒന്നിനായിരുന്നു. തെറ്റുപറ്റിയെന്ന് നവീൻ ബാബു ചേംബറിലെത്തി പറഞ്ഞെന്ന വെളിപ്പെടുത്തലും സംഭവത്തിൽ ജില്ലാ കളക്ടറുടെ ഇടപെടലിലും റവന്യു വകുപ്പിനും മന്ത്രിക്കും അതൃപ്തിയുണ്ട്.കളക്ടറെ മാറ്റണമെന്ന ആവശ്യത്തിൽ പോലും ഒരു തീരുമാനവും ഇതുവരെ ഉണ്ടായിട്ടുമില്ല. ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയിൽ ഇരിക്കുന്നതിനാൽ പുറത്ത് വിടാനാകില്ലെന്നാണ് വിവരവാരകാശ നിയമപ്രകാരം സമീപിച്ചപ്പോൾ റവന്യുവകുപ്പ് മറുപടി നൽകിയത്.