ആൾക്കൂട്ട വിചാരണയെ തുടർന്ന് വിദ്യാർത്ഥിയുടെ മരണം; എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ
കൽപ്പറ്റ: വയനാട് പൂക്കോട് വെറ്റിനറി സര്‍വകലാശാലയിൽ എസ്എഫ്ഐയുടെ ആൾക്കൂട്ട വിചാരണയും ക്രൂര മർദ്ദനത്തേയും തുടർന്ന് രണ്ടാം വര്‍ഷ വിദ്യാർഥി സിദ്ധാർഥ് ജീവനൊടുക്കിയ കേസിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ഉൾപ്പെടെ 6 പേർ അറസ്റ്റിൽ. രാവിലെ മൊഴിയെടുക്കാൻ വിളിപ്പിച്ച 8 പേരിൽ 6 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വിശദമായ ചോദ്യം ചെയ്യലിൽ പങ്കുണ്ടെന്ന് വ്യക്തമായതോടെയാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ആൾക്കൂട്ട വിചാരണയിലടക്കം പങ്കെടുത്തിരുന്നവരാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്ന ആറുപേരുമെന്ന് പൊലീസ് പറഞ്ഞു. ഈ ആറുപേരും സിദ്ധാർഥിനെ മർദിച്ചതായും കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ ആറ് പ്രതികൾക്ക് എതിരെയും ആത്മഹത്യ പ്രേരണ, റാഗിംഗ് നിരോധന നിയമം എന്നി കുറ്റങ്ങൾ ചുമത്തിയതായും പൊലീസ് പറഞ്ഞു.
അറസ്റ്റിലായ പ്രതികളുടെ വിവരങ്ങൾ
വെറ്റിനറി യൂണിവേഴ്സിറ്റി എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ഇടുക്കി രാമക്കല്‍ മേട് പഴയടത്ത് വീട്ടില്‍ എസ്. അഭിഷേക് (23), തിരുവനന്തപുരം പാലക്കണ്ടിയില്‍ വീട്ടില്‍ രെഹാന്‍ ബിനോയ് (20), കൊഞ്ചിറവിള വിജയമ്മ നിവാസില്‍ എസ്.ഡി ആകാശ് (22), നന്ദിയോട് ശ്രീനിലയം വീട്ടില്‍ ആര്‍.ഡി ശ്രീഹരി(23) തൊടുപുഴ മുതലക്കോടം തുറക്കല്‍ പുത്തന്‍പുരയില്‍ വീട്ടില്‍ ഡോണ്‍സ് ഡായ് (23), വയനാട് ബത്തേരി ചുങ്കം തെന്നിക്കോട് വീട്ടില്‍ ബില്‍ഗേറ്റ്‌സ് ജോഷ്വ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.