Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ബലാത്സംഗ കേസുകള്‍ക്ക് വധശിക്ഷ: 'അപരാജിത' ബില്‍ പശ്ചിമ ബംഗാള്‍ നിയമസഭ പാസാക്കി

03:35 PM Sep 03, 2024 IST | Online Desk
Advertisement

കൊല്‍ക്കത്ത: ബലാത്സംഗ, ലൈംഗികാതിക്രമ കേസുകളിലെ കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കുന്ന 'അപരാജിത' ബില്‍ പശ്ചിമ ബംഗാള്‍ നിയമസഭ ഐകകണ്‌ഠ്യേന പാസാക്കി. കേന്ദ്ര നിയമം ഭേദഗതി ചെയ്താണ് ബില്‍ അവതരിപ്പിച്ചത്. ഗവര്‍ണറും കേന്ദ്രനിയമം ഭേദഗതി ചെയ്യുന്നതിനാല്‍ രാഷ്ട്രപതിയും ഒപ്പു വെക്കുന്നതോടെ ബില്‍ നിയമമാകും. ആദ്യമായാണ് ഒരു സംസ്ഥാനം കേന്ദ്ര നിയമം ഭേദഗതി ചെയ്ത് ബില്‍ പാസാക്കുന്നത്. കൊല്‍ക്കത്തയിലെ ആര്‍.ജി കര്‍ മെഡിക്കല്‍ കോളജില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ബംഗാള്‍ സര്‍ക്കാര്‍ അതിവേഗം പുതിയ നിയമത്തിന് രൂപം നല്‍കിയത്.

Advertisement

ബില്ലിനെ ചരിത്രപരവും മാതൃകാപരവുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി വിശേഷിപ്പിച്ചു. ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ സുപ്രധാനമായ ചുവടുവെപ്പ് അടയാളപ്പെടുത്തിക്കൊണ്ട്, ബലാത്സംഗത്തിനും മറ്റ് ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കും കുറ്റവാളികള്‍ക്കുള്ള വധശിക്ഷ 'അപരാജിത വിമന്‍ആന്‍ഡ് ചൈല്‍ഡ് ബില്‍ (പശ്ചിമ ബംഗാള്‍ ക്രിമിനല്‍ നിയമ ഭേദഗതി) 2024' അവതരിപ്പിക്കുന്നു. ബലാത്സംഗം പോലുള്ള അതിക്രമങ്ങള്‍ തടയാന്‍ സാമൂഹിക പരിഷ്‌കരണങ്ങള്‍ വേണമെന്നും അവര്‍ പറഞ്ഞു. ഗവര്‍ണര്‍ സി.വി ആനന്ദ ബോസിനോട് ബില്ലില്‍ വേഗത്തില്‍ ഒപ്പിടാന്‍ ആവശ്യപ്പെടണമെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയോട് മമത അഭ്യര്‍ഥിച്ചു.

ഭാരതീയ ന്യായ് സന്‍ഹിത 2023, ഭാരതീയ നാഗരിക് സുരക്ഷാ സന്‍ഹിത 2023, ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമം 2012 എന്നിവക്കു കീഴിലുള്ള വ്യവസ്ഥകളില്‍ ഭേദഗതികള്‍ ആവശ്യപ്പെടുന്ന ബില്‍ ഇരയുടെ പ്രായം പരിഗണിക്കാതെ തന്നെ ബാധകമായിരിക്കും. അത്തരം കേസുകളില്‍ ജീവപര്യന്തം തടവ് എന്നത് നിശ്ചിത വര്‍ഷങ്ങളല്ല, മറിച്ച് കുറ്റവാളിയുടെ ജീവിതത്തിന്റെ അവശേഷിക്കുന്ന വര്‍ഷങ്ങളായിരിക്കുമെന്നും ബില്‍ പറയുന്നു. സാമ്പത്തിക പിഴ ഈടാക്കാനുള്ള വ്യവസ്ഥകളും ഉണ്ടാകും.

ബലാത്സംഗവുമായി ബന്ധപ്പെട്ട അന്വേഷണം പൂര്‍ത്തിയാക്കുന്നതിനുള്ള സമയം രണ്ടു മാസത്തില്‍ നിന്ന് 21 ദിവസമായി കുറക്കും. കുറ്റപത്രം തയ്യാറാക്കുന്നത് മുതല്‍ ഒരു മാസത്തിനുള്ളില്‍ വിധി പ്രസ്താവിക്കും. കോടതി നടപടികളുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യങ്ങള്‍ അച്ചടിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്താല്‍ മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷയും ബില്ലില്‍ നിര്‍ദേശിക്കുന്നു. ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നവര്‍ക്കും സമാനമായ തടവ് വ്യവസ്ഥകളുണ്ട്.
ബില്ലില്‍ ഇക്കാര്യങ്ങളും പറയുന്നു

1, സ്ത്രീകളെ പീഡിപ്പിക്കല്‍, ബലാത്സംഗം എന്നീ കേസുകളില്‍ കഠിന ശിക്ഷ2, പോക്സോ നിയമത്തിലെ വ്യവസ്ഥകള്‍ കൂടുതല്‍ കര്‍ശനമാക്കി3, ബലാത്സംഗം ചെയ്യുന്നവരുടെ പ്രവൃത്തികള്‍ ഇരയുടെ മരണത്തില്‍ കലാശിക്കുകയോ അല്ലെങ്കില്‍ അവര്‍ക്ക് ഗുരുതരമായ മസ്തിഷ്‌ക ക്ഷതം സംഭവിക്കുകയോ ചെയ്താല്‍ അവര്‍ക്ക് വധശിക്ഷ.4, ബില്ലിന് കീഴില്‍, അപരാജിത ടാസ്‌ക് ഫോഴ്സ് രൂപീകരിക്കും, പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ച് 21 ദിവസത്തിനുള്ളില്‍ ശിക്ഷ നടപ്പാക്കും5, നഴ്സുമാരും വനിതാ ഡോക്ടര്‍മാരും സഞ്ചരിക്കുന്ന റൂട്ടുകള്‍ പരിരക്ഷിക്കും. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ 120 കോടി രൂപ അനുവദിച്ചു6, എല്ലായിടത്തും സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കും 
Advertisement
Next Article