തെരഞ്ഞെടുപ്പ് പ്രഖ്യാപനം; ജമ്മു കാശ്മീരിൽ മൂന്ന് ഘട്ടമായി, ആദ്യ ഘട്ടം സെപ്റ്റംബർ 18ന്, ഹരിയാനയിൽ ഒക്ടോബർ 1 ന്
ജമ്മു കാശ്മീർ, ഹരിയാന എന്നീ നിയമസഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികൾ ഉടൻ പ്രഖ്യാപിക്കും. ജമ്മു കാശ്മീരിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും ലോക്സഭാ തിരഞ്ഞെടുപ്പ് നടന്നത് മാതൃകാപരമായി ആണെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ പറഞ്ഞു.
ഹരിയാനയിൽ 2.01 കോടി വോട്ടർമാർ ഉണ്ട്. ഹരിയാനയിൽ 90 മണ്ഡലങ്ങളിൽ ആണ് വോട്ടെടുപ്പ്. 20,629 പോളിംഗ് സ്റ്റേഷനുകൾ ആണ് ഹരിയാനയിൽ ഉള്ളത്. ജമ്മു കാശ്മീരിൽ 87.09 ലക്ഷം വോട്ടർമാർ ആണ് ഉള്ളത്. 11838 പോളിംഗ് സ്റ്റേഷനുകളാണ് ജമ്മു കാശ്മീരിൽ ഉള്ളത്. 85 വയസ്സിനു മുകളിലുള്ളവർക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തും.
ഭീതിയില്ലാതെ വോട്ട് ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കുമെന്നും രണ്ട് ബിഎസ്എഫ് ബറ്റാലിനുകളെ കാശ്മീരിൽ വിന്യസിക്കും എന്നും രാജീവ് കുമാർ പറഞ്ഞു. ജമ്മു കാശ്മീരിൽ തിരഞ്ഞെടുപ്പ് നടക്കുന്നത് മൂന്ന് ഘട്ടങ്ങളിലായാണ്. ആദ്യഘട്ടം സെപ്റ്റംബർ 18ന്. സെപ്റ്റംബർ 25നാണ് രണ്ടാംഘട്ടം. ഒക്ടോബർ 1 ന് മൂന്നാം ഘട്ടം. ഹരിയാനയിൽ ഒറ്റ ഘട്ടത്തിൽ തിരഞ്ഞെടുപ്പ്. ഒക്ടോബർ ഒന്നിനാണ് ഹരിയാനയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബർ നാലിനാണ് വോട്ടെണ്ണൽ.