ശമ്പളം പിടിച്ചെടുക്കുന്നത് അംഗീകരിക്കില്ല, CMDRF നേരിട്ട് സംഭാവന നൽകും, 5 വീടുകൾ നിർമ്മിക്കും ; കേരള എൻജിഒ അസോസിയേഷൻ
തിരുവനന്തപുരം: വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് ജീവനക്കാർ നൽകേണ്ട സംഭാവന നിർബന്ധമല്ല എന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കുമ്പോഴും ഓഫീസ് മേധാവികൾ വഴി ശമ്പളം നിർബന്ധമായി പിടിച്ചു വാങ്ങുന്നതിൽ പ്രതിഷേധിച്ച് കേരള എൻജിഒ അസോസിയേഷൻ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സർക്കാർ ജീവനക്കാരുടെ സംഭാവന നിർബന്ധിതപൂർവ്വം വാങ്ങുന്നത് സംബന്ധിച്ച സമ്മതപത്രം കൊടുക്കേണ്ടതില്ലെന്നും അഞ്ച് ദിവസത്തിൽ താഴെ ശമ്പളം സംഭാവന നൽകുന്നതിനായി ഉത്തരവ് ഭേദഗതി ചെയ്ത് ഇറക്കാത്തതിനാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള നിർബന്ധിത സാലറി ചലഞ്ചിനുമായി സഹകരിക്കേണ്ടതില്ലെന്ന് കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം.
അതേസമയം കേരളം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വതും നഷ്ട്ടപ്പെട്ടവരെ ചേർത്ത് പിടിക്കാൻ സംഘടനാംഗങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കഴിയാവുന്ന തുക സംഭാവന നൽകാനും കേരള എൻജിഒ അസോസിയേഷന്റെ നേതൃത്വത്തിൽ വയനാട് പുനരധിവാസ പദ്ധതിയിൽ 5 വീടുകൾ നിർമ്മിച്ച് നൽകാനും തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു.
പ്രസിഡൻ്റ് ചവറ ജയകുമാറിൻ്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന ഭാരവാഹി യോഗത്തിൽ ജനറൽ സെക്രട്ടറി എ.എം. ജാഫർഖാൻ ട്രഷറർ എംജെ തോമസ് ഹെർബിറ്റ് വൈസ് പ്രസിഡൻ്റുമാരായ
ജിഎസ് ഉമാശങ്കർ , എപി സുനിൽ, കെകെ രാജേഷ് ഖന്ന സെക്രട്ടറിമാരായ രഞ്ചു കെ മാത്യു, വിപി ബോബിൻ, ബി പ്രദീപ് കുമാർ, എംപി ഷനിജ് , കെപി വിനോദ്, കെ പ്രദീപൻ, വിഎൽ രാകേഷ് കമൽ എന്നിവർ സംസാരിച്ചു