For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

തലസ്ഥാനത്ത് കടലിന്നഗാധമാം കാഴ്ചകള്‍; അക്രിലിക് അണ്ടര്‍ വാട്ടര്‍ ടണല്‍ അക്വേറിയം സൂപ്പര്‍ഹിറ്റ്

12:27 PM Sep 05, 2024 IST | Online Desk
തലസ്ഥാനത്ത് കടലിന്നഗാധമാം കാഴ്ചകള്‍  അക്രിലിക് അണ്ടര്‍ വാട്ടര്‍ ടണല്‍ അക്വേറിയം സൂപ്പര്‍ഹിറ്റ്
Advertisement

തിരുവനന്തപുരം: കടലിനടിയിലെ വിസ്മയക്കാഴ്ചകള്‍ കണ്‍മുന്നില്‍ കാണാനും തൊട്ടനുഭവിക്കാനും റെഡിയാണെങ്കില്‍ തിരുവനന്തപുരത്തേക്ക് പോരൂ. രാജ്യത്ത് ഇതാദ്യമായി ഒരുങ്ങിയ കൂറ്റന്‍ മറൈന്‍ മിറാക്കിള്‍ അണ്ടര്‍ വാട്ടര്‍ ടണല്‍ അക്വേറിയത്തിലെ കൗതുകക്കാഴ്ചകള്‍ ആസ്വദിച്ചു മടങ്ങാം.
ആഴക്കടലിന്റെ അടിത്തട്ടില്‍ വിരാജിക്കുന്ന കൂറ്റന്‍ തിമിംഗലങ്ങളും സ്രാവുകളും മുതല്‍ വ്യത്യസ്തങ്ങളായ വര്‍ണ്ണമത്സ്യങ്ങള്‍ വരെ ഈ അക്വേറിയത്തിലുണ്ട്. ലക്ഷകണക്കിന് ലിറ്റര്‍ വെള്ളത്തില്‍ തീര്‍ത്ത സാഗരക്കാഴ്ചകള്‍ കണ്ട് കടലിന്റെ അടിത്തട്ടിലൂടെ നടക്കുമ്പോള്‍ തലയ്ക്ക് മുകളില്‍ വലിയ മത്സ്യങ്ങള്‍ നീരാടുന്ന കാഴ്ചാനുഭവം ഹൃദ്യമാണ്. മറൈന്‍ മിറാക്കിള്‍സ് ഒരുക്കിയിരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെയും വലുതുമായ അക്രിലിക് അണ്ടര്‍ വാട്ടര്‍ ടണല്‍ അക്വേറിയം നഗരത്തിന് വ്യത്യസ്തമായ കൗതുകക്കാഴ്ചകളാണ് സമ്മാനിക്കുന്നത്. വമ്പന്‍ മുതല്‍ മുടക്കില്‍ നവീന സങ്കേതിക വിദ്യകളുടെ സഹായത്തോടെ കരയില്‍ സജ്ജീകരിച്ചിരിക്കുന്ന കടലാഴങ്ങളിലെ കാഴ്ചകള്‍ ഒക്ടോബര്‍ രണ്ടുവരെ ആസ്വദിക്കാം. ലുലു മാളിനു സമീപമുള്ള ആനയറ വേള്‍ഡ് മാര്‍ക്കറ്റ് മൈതാനിയിലാണ് പ്രദര്‍ശനം നടക്കുന്നത്.

Advertisement

തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിന്റെ സഹകരണത്തോടെ കലാ ട്രസ്റ്റാണ് കടലോളം ഓണം എന്ന പേരില്‍ അണ്ടര്‍ വാട്ടര്‍ ടണല്‍ അക്വേറിയവും ഓണം മെഗാ എക്‌സ്‌പോയും ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരത്തെയും സമീപ ജില്ലകളിലെയും കാണികള്‍ക്ക് പുറമേ കന്യാകുമാരി, നാഗര്‍കോവില്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരും പ്രദര്‍ശനം കാണാനെത്തുന്നുണ്ട്. ആഴക്കടലിലെ ലോകാത്ഭുതമായ നീലത്തിമിംഗലം തുറന്ന വായുമായി നിങ്ങളെ വിഴുങ്ങാന്‍ വേള്‍ഡ് മാര്‍ക്കറ്റ് മൈതാനിയില്‍ പ്രവേശന കവാടത്തില്‍ തന്നെയുണ്ട്. കവാടം കടന്നാണ് അണ്ടര്‍ വാട്ടര്‍ ടണലിലേക്ക് പ്രവേശനം. കടലിന് അടിയിലൂടെ നടക്കാനുള്ള തയാറെടുപ്പാണ് പിന്നീട്. ഇത് ജീവിതത്തില്‍ ലഭിക്കുന്ന അപൂര്‍വ അനുഭവമാണ്.

ഈ കാഴ്ചകള്‍ അവസാനിക്കുന്നത് അരുമപ്പക്ഷികളെയും ഓമന മൃഗങ്ങളെയും അലങ്കാര മത്സ്യങ്ങളെയും ഉള്‍പ്പെടുത്തിയുള്ള അപൂര്‍വ പ്രദര്‍ശനത്തിലേക്കാണ്. പ്രദര്‍ശന നഗരിയിലെ സെല്‍ഫി പോയിന്റുകളില്‍ നിന്ന് കാണികള്‍ക്ക് ഫോട്ടോയെടുക്കാനുള്ള അവസരവുമുണ്ട്.
ഓണം എക്‌സ്‌പോയുടെ ഭാഗമായി ഒരു വീട്ടിലേക്ക് വേണ്ടതെല്ലാം ഒരു കുടക്കീഴില്‍ ഒരുക്കി ഇന്ത്യയിലെ പല സംസ്ഥാനങ്ങളില്‍ നിന്നുള്ള ഫര്‍ണിച്ചറുകളുടേയും തുണിത്തരങ്ങളുടെയും ഗൃഹോപകരണങ്ങളുടെയും വമ്പിച്ച വിറ്റഴിക്കല്‍ ഓഫര്‍ മേളയും ഒരുങ്ങിയിട്ടുണ്ട്. ഓണത്തിനു മുന്നോടിയായി ഫര്‍ണിച്ചറുകള്‍ക്ക് 50 ശതമാനം ഡിസ്‌കൗണ്ട് ഇവിടെ നിന്ന് ലഭിക്കും. കൂടാതെ കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള രുചിയൂറും വിഭവങ്ങളുമായി വിശാലമായ ഫുഡ് കോര്‍ട്ടും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ അമ്യൂസ്‌മെന്റ് റൈഡുകളും സജ്ജമാണ്.
പ്രവൃത്തി ദിവസങ്ങളില്‍ ഉച്ചയ്ക്ക് ശേഷം 2 മണി മുതല്‍ 10 വരെയും അവധി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ രാത്രി 11 മണി വരെയുമാണ് പ്രവേശനം. 120 രൂപയാണ് ടിക്കറ്റ് നിരക്ക്. പങ്കെടുക്കുന്നവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ ലക്ഷക്കണക്കിനു രൂപയുടെ സമ്മാനങ്ങളും നല്‍കുന്നുണ്ട്.

Author Image

Online Desk

View all posts

Advertisement

.