സത്യപ്രതിജ്ഞക്ക് മുന്നേ എൻഡിഎ സഖ്യത്തിൽ പൊട്ടിത്തെറി; മന്ത്രിസഭയിലേക്കില്ലെന്ന് എൻസിപി അജിത് പവാർ പക്ഷം
ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ നടക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ എൻഡി സഖ്യത്തിൽ പൊട്ടിത്തെറി. എൻസിപി അജിത് പവാർ പക്ഷം മന്ത്രിസഭയിൽ ചേരാനില്ലെന്ന നിലപാട് എടുത്തു. മന്ത്രിസഭയിൽ കാബിനറ്റ് മന്ത്രി സ്ഥാനം നൽകാത്തതാണ് എൻസിപിയുടെ പ്രതിഷേധത്തിന് കാരണം. മുതിർന്ന നേതാവായ പ്രഫുൽ പട്ടേലിന് കാബിനറ്റ് പദവി ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. പ്രഫുൽ പട്ടേലിനെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസ് നിലനിൽക്കുന്നതാണ് അവഗണിക്കാനുള്ള കാരണമെന്നാണ് അറിയുന്നത്. എൻസിപി മഹാരാഷ്ട്ര അധ്യക്ഷനുമായ സുനിൽ തത്കരയെയും കാബിനറ്റ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചിട്ടില്ല. ഇതോടെയാണ് അജിത് പവാർ പക്ഷം കലാപ്പക്കൊടി ഉയർത്തിയത്.അതേസമയം മൂന്നാം എൻഡി സഖ്യസർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട് 7.15നാണ് ആരംഭിക്കുക. രാഷ്ട്രപതിഭവൻ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു പ്രധാനമന്ത്രിക്കും മന്ത്രിമാർക്കും സത്യവാചകം ചൊല്ലിക്കൊടുക്കും. മോദിക്കൊപ്പം ബിജെപിയുടെ മുതിർന്ന മന്ത്രിമാരും ഘടകകക്ഷികളുടെ മന്ത്രിമാരും സഹമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞയോടനുബന്ധിച്ച് കനത്ത സുരക്ഷാ വലയത്തിലാണ് രാജ്യതലസ്ഥാനം.