ഡല്‍ഹി മന്ത്രിയും, ആം ആദ്മി പാര്‍ട്ടി മുതിര്‍ന്ന നേതാവുമായ കൈലാഷ് ഗെഹ്ലോട്ട് പാർട്ടി വിട്ടു
ന്യൂഡൽഹി : ഡല്‍ഹി മന്ത്രിയും ആം ആദ്മി പാര്‍ട്ടി മുതിര്‍ന്ന നേതാവുമായ കൈലാഷ് ഗെഹ്ലോട്ട് പാര്‍ട്ടിയില്‍ നിന്നും മന്ത്രിസഭയില്‍നിന്നും രാജിവച്ചു. എഎപി മന്ത്രിസഭയില്‍ ഗതാഗതം, ഐടി, വനിതാശിശുക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന കൈലാഷ് മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി. പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങളാണ് കൈലാഷ് ഗെഹ്ലോട്ടിന്റെ രാജിയിലേക്ക് നയിച്ചത്. ആം ആദ്മി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും കൈലാഷ് രാജിവച്ചു. ഇക്കാര്യം വ്യക്തമാക്കി അദ്ദേഹം പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കേജരിവാളിനും കത്ത് നല്കി.
ഡല്‍ഹി സര്‍ക്കാര്‍ ഭൂരിഭാഗം സമയവും കേന്ദ്രവുമായി പോരാടാന്‍ വിനിയോഗിക്കുന്നതിനാല്‍ ഡല്‍ഹിക്ക് യഥാര്‍ത്ഥ പുരോഗതി ഉണ്ടാകില്ലെന്ന് ഇപ്പോള്‍ വ്യക്തമാണെന്ന് കത്തിൽ കൈലാഷ് ചൂണ്ടിക്കാട്ടി. ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് വിട്ടുനില്‍ക്കുകയല്ലാതെ മറ്റൊരു വഴിയുമില്ലെന്ന് തോന്നുന്നു. അതിനാല്‍ ആം ആദ്മി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് താന്‍ രാജിവയ്ക്കുന്നുവെന്നും കത്തില്‍ കൈലാഷ് ഗെഹ്ലോട്ട് പറഞ്ഞു.