പി ജി കോഴ്‌സുകളില്‍ 'ഒറ്റപ്പെണ്‍കുട്ടിക്കാ'യി സീറ്റ് സംവരണത്തിനൊരുങ്ങി ഡല്‍ഹി സര്‍വ്വകലാശാല
ന്യൂഡല്‍ഹി: 2025-26 അക്കാദമിക സെഷനില്‍ കുടുംബങ്ങളിലെ 'ഒറ്റപ്പെണ്‍കുട്ടിക്കാ'യി ഓരോ ബിരുദാനന്തര കോഴ്സിലും ഒരു സീറ്റ് സംവരണം ചെയ്യാന്‍ ഡല്‍ഹി സര്‍വകലാശാല പദ്ധതിയിടുന്നു. അക്കാദമിക് കൗണ്‍സില്‍ യോഗത്തില്‍ ഈ നിര്‍ദേശം ചര്‍ച്ച ചെയ്യും.
ബിരുദ തലത്തില്‍ ഒറ്റപ്പെണ്‍കുട്ടിക്കായി ഒരു കോഴ്സിന് ഒരു സീറ്റ് സര്‍വകലാശാല ഇതിനകം സംവരണം ചെയ്തിട്ടുണ്ട്. 2023-24 അക്കാദമിക സെഷനിലാണ് ഇത് കൊണ്ടുവന്നത്. ഇതുവഴി ഈ വര്‍ഷം 69 കോളജുകളിലായി 764 വിദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം ലഭിച്ചു.
ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ ബിരുദാനന്തര പ്രവേശനം കോമണ്‍ സീറ്റ് അലോക്കേഷന്‍ സിസ്റ്റം (ഇടഅട) വഴിയാണ് നടത്തുന്നത്. തുടര്‍ന്ന് കോമണ്‍ യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് നടത്തുന്നു.
2023-24 അഡ്മിഷന്‍ സൈക്കിളില്‍ 13,500 ബിരുദാനന്തര സീറ്റുകളിലേക്ക് 90,000ത്തിലധികം വിദ്യാര്‍ഥികള്‍ അപേക്ഷിച്ചിരുന്നു. പുതിയ നയത്തിന് അംഗീകാരം ലഭിച്ചാല്‍ സര്‍വകലാശാല വാഗ്ദാനം ചെയ്യുന്ന 77 ബിരുദാനന്തര ബിരുദ പ്രോഗ്രാമുകള്‍ക്കും പുതിയ സംവരണം ബാധകമാകും.
സ്പോര്‍ട്സ്, വികലാംഗര്‍,സായുധ സേനാംഗങ്ങളുടെ കുട്ടികള്‍, വിധവകളുടെ കുട്ടികള്‍, അനാഥക്കുട്ടികള്‍ എന്നിവയുള്‍പ്പെടെ വിവിധ വിഭാഗങ്ങള്‍ക്ക് സര്‍വകലാശാല സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്.
പുതിയ സംരംഭത്തിലൂടെ ഒറ്റപ്പെണ്‍കുട്ടികള്‍ക്കുള്ള പിന്തുണ വിപുലീകരിക്കാനും അവരെ ഉന്നത വിദ്യാഭ്യാസത്തിന് പ്രോത്സാഹിപ്പിക്കാനും സര്‍വകലാശാല ശ്രമിക്കുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.