For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ഭിന്നശേഷി കുട്ടികൾക്കായുള്ള കുടുംബ പെൻഷൻ നിഷേധിച്ചത് മനുഷ്യത്വരഹിതമായ നടപടി; ചവറ ജയകുമാർ

07:53 PM Aug 27, 2024 IST | Online Desk
ഭിന്നശേഷി കുട്ടികൾക്കായുള്ള കുടുംബ പെൻഷൻ നിഷേധിച്ചത് മനുഷ്യത്വരഹിതമായ നടപടി  ചവറ ജയകുമാർ
Advertisement

തിരുവനന്തപുരം: സർക്കാർ സർവീസിലുള്ള ജീവനക്കാരുടെ കാലശേഷം ഭിന്നശേഷിക്കാരായ മക്കൾക്ക് ലഭിച്ചുകൊണ്ടിരുന്ന ഫാമിലി പെൻഷന് വരുമാന പരിധി നിശ്ചയിച്ചുകൊണ്ട് സർക്കാർ പുറത്തിറക്കിയ ഉത്തരവ് തികച്ചും മനുഷ്യത്വരഹിതമാണെന്ന് സെറ്റോ ചെയർമാൻ ചവറ ജയകുമാർ.
ഫാമിലി പെൻഷൻ എന്നത് സാമൂഹിക നീതിയുടെ ഭാഗമായി നൽകുന്ന ഒന്നാണ്. അതിൽ വിവേചന പൂർണ്ണമായി 60000 രൂപ എന്ന വരുമാന പരിധി കൊണ്ടുവന്നത് സർക്കാരിൻറെ ജനവിരുദ്ധ നയങ്ങൾക്ക് ഉദാഹരണമാണ്. യാതൊരുവിധ പഠനങ്ങളും നടത്താതെയാണ് ഇത്തരത്തിൽ ഒരു ഉത്തരവിറക്കിയത്. പൊതുസമൂഹമോ മറ്റു സംഘടനകളും ഇത്തരത്തിൽ ഒരു ആവശ്യവും മുന്നോട്ടു വച്ചിട്ടില്ല. ആഘോഷങ്ങളും ധൂർത്തും മുഖമുദ്രയാക്കിയ ഒരു ഭരണസംവിധാനം സാധാരണക്കാരന്റെ അവകാശങ്ങളെ ഹനിക്കുന്ന ഒരു കാഴ്ചയാണ് ഈ ഉത്തരവിലും കാണാൻ കഴിയുന്നത്. ഭിന്നശേഷിക്കാരായ കുട്ടികളിൽ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളും ഓട്ടിസം സെറിബ്രൽ പാഴ്സി പോലുള്ള ചികിത്സിച്ച് മാറ്റാൻ കഴിയാത്ത രോഗമുള്ള കുട്ടികളും ഉൾപ്പെടുന്നുണ്ട്.
രക്ഷിതാക്കളുടെ കാലശേഷം അവർക്ക് ലഭിക്കുന്ന സാമ്പത്തിക അനുകൂല്യങ്ങൾ ഉപയോഗിച്ചാണ് അവർ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. സ്വന്തമായി ഭക്ഷണം കഴിക്കാൻ പോലും പ്രാപ്തിയില്ലാത്ത അനേകം കുട്ടികൾ ഈ വിഭാഗത്തിൽ ഉൾപ്പെടുന്നുണ്ട്. അവരെ സംരക്ഷിക്കുന്ന സംഘടനകൾക്കും മറ്റും സഹായകരമാകുന്നത് ഇത്തരം പെൻഷനുകളാണെന്നും അദ്ദേഹം പറഞ്ഞു.

Advertisement

ഈ ഉത്തരവ് നൂറുകണക്കിന് നിരാലംബരും നിരാശയരുമായ കുട്ടികളെ പ്രതികൂലമായി ബാധിക്കും എന്നതിനാൽ അതിലേർപ്പെടുത്തിയിട്ടുള്ള വരുമാനപരിധി പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ചവറ ജയകുമാർ ആവശ്യപ്പെട്ടു. ജനങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കാൻ അല്ല അർഹതപ്പെട്ടവരെ സഹായിക്കുകയാണ് സർക്കാരിൻറെ കടമ എന്ന് ഭരണകൂടം തിരിച്ചറിയണം. ഈ ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ സംസ്ഥാനവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കും എന്നും അദ്ദേഹം അറിയിച്ചു.

Tags :
Author Image

Online Desk

View all posts

Advertisement

.