ആശ്രിത നിയമനം: സമാശ്വാസ ധനമല്ല, ജോലിയാണ് വേണ്ടത്; ചവറ ജയകുമാര്‍
തിരുവനന്തപുരം: സമാശ്വാസ തൊഴില്‍ദാന പദ്ധതിയുടെ അന്ത:സത്ത ചോര്‍ത്തി സമാശ്വാസ ധനം നല്‍കാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്നും, സമാശ്വാസ ധനമല്ല ജോലിയാണ് നല്‍കേണ്ടതെന്നും കേരള എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് ചവറ ജയകുമാര്‍ ആവശ്യപ്പെട്ടു. എന്‍ജിഒ അസോസിയേഷൻ്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആശ്രിതര്‍ക്ക് തൊഴില്‍ നല്‍കുന്നതിന് പ്രായപരിധി ഏർപ്പെടുത്തുന്നത് എന്തടിസ്ഥാനത്തിലാണ്. സമാ ശ്വാസധനം നല്‍കിയാല്‍ മതിയെന്ന നിലപാട് തിരുത്തണം. ആശ്രിത നിയമനത്തിനുള്ള സാമ്പത്തിക പരിധി ഉയര്‍ത്തണം. 2015 ല്‍ നിശ്ചയിച്ച പരിധിയാണ് ഇപ്പോഴും നിലവിലുള്ളത്. സമാശ്വാസ തൊഴില്‍ദാന പദ്ധതി കാലോചിതമായി പരിഷ്ക്കരിക്കേണ്ടതുണ്ട്. എന്നാല്‍ ഇതിന്‍റെ മറവില്‍ തൊഴില്‍ കവരാനുള്ള നീക്കം അംഗീകരിക്കാനാവില്ല. ആശ്രിത നിയമനത്തിനുള്ള അപേക്ഷകള്‍ വര്‍ഷങ്ങളായി കെട്ടിക്കിടക്കുകയാണ്. അവര്‍ക്ക് അടിയന്തിരമായി ജോലി നല്‍കാന്‍ തയ്യാറാകണം. ഇതിനായി സൂപ്പര്‍ ന്യൂമററി തസ്തികകള്‍ സൃഷ്ടിക്കണം. അപേക്ഷ സമര്‍പ്പിച്ച എല്ലാവര്‍ക്കും ജോലി ലഭിക്കുന്ന സാഹചര്യം ഉണ്ടാകണമെന്നും ചവറ ജയകുമാർ ആവശ്യപ്പെട്ടു.
മുന്‍പ് ഈ പദ്ധതി പ്രകാരം ജോലി ലഭിച്ചവരുടെ നിയമനം റഗുലറൈസ് ചെയ്യുന്നത് നീണ്ടുപോകുകയാണ്. സര്‍വ്വീസില്‍ എത്തിയിട്ടും ആനുകൂല്യങ്ങള്‍ ലഭിക്കാത്ത സാഹചര്യമാണ് ഈ ജീവനക്കാര്‍ നേരിടുന്നത്. ഇത് പരിഹരിച്ചേ മതിയാകൂ. റഗുലര്‍ ജീവനക്കാര്‍ക്കുള്ള എല്ലാ ആനുകൂല്യത്തിനും ആശ്രിതനിയമനം ലഭിച്ചവര്‍ക്ക് അര്‍ഹതയുണ്ടെന്നത് വിസ്മരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്താ കുടിശ്ശികയും ശമ്പള പരിഷ്ക്കരണത്തിന്‍റെ അരിയറും ലീവ് സറണ്ടറും ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ അന്യായമായി തടഞ്ഞു വച്ചിരിക്കുകയാണ്. ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയായ മെഡിസെപ്പ് ആകെ അവതാളത്തിലാണ്. ഈ സാഹചര്യത്തില്‍ നിലവിലുള്ള തൊഴില്‍ദാന പദ്ധതിയെക്കൂടി അട്ടിമറിക്കാനുള്ള നീക്കം ജീവനക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത് അദ്ദേഹം ചൂണ്ടിക്കാണിച്ചു.
സമാശ്വാസ ധനമെന്നത് ഒരിക്കലും ജോലിയ്ക്ക് പകരമാവില്ല. സര്‍വ്വീസിലിരിക്കെ മരണമടയുന്ന ആളിന്‍റെ കുടുംബത്തെ സംരക്ഷിക്കേണ്ട ബാധ്യത തൊഴിലുടമ എന്ന നിലയ്ക്ക് സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. ജീവനക്കാരന്‍റെ അനന്തരാവകാശിയുടെ പ്രായം 13 വയസ്സില്‍ താഴെയായത് അയാളുടെ അവകാശം നിഷേധിക്കാനുള്ള മാനദണ്ഡം ആകരുത്. പങ്കാളിത്ത പെന്‍ഷനിലുള്ള ജീവനക്കാരുടെ ആശ്രിതര്‍ക്ക് സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരം ജോലി ലഭിക്കുന്നതുവരെ ആ വ്യക്തി അവസാനം വാങ്ങിയ ശമ്പളം നല്‍കുമെന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ ഉറപ്പ് ഈ സര്‍ക്കാര്‍ 30% ആയി വെട്ടിക്കുറച്ചിരുന്നു. ഇത് പങ്കാളിത്ത പെന്‍ഷനിലുള്ള ജീവനക്കാരോടുള്ള വെല്ലുവിളിയാണ്. മരണമടയുന്ന ജീവനക്കാരുടെ ആശ്രിതര്‍ക്ക് ജോലി ഉറപ്പു വരുത്തുന്ന തരത്തില്‍ വേണം പരിഷ്ക്കരണം നടത്തേണ്ടത്. സമാശ്വാസധനം നല്‍കി ആശ്രിതരെ ഒഴിവാക്കിക്കൊണ്ടുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്‍ജിഒ അസോസിയേഷന്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്‍റ് ആര്‍.എസ്. പ്രശാന്ത് കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എം. ജാഫര്‍ഖാന്‍ മുഖ്യ പ്രഭാഷണം നടത്തി വി.എസ്. രാകേഷ്, സെക്രട്ടറി ജോര്‍ജ്ജ് ആന്‍റണി, പി.ജി. പ്രദീപ്, എം.എസ്.അജിത്കുമാർ തുടങ്ങിയവർ സംസാരിച്ചു.