രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെ പട്ടികയില്‍ ഇടം പിടിച്ച് ദേവമാതാ കോളേജ്
കുറവിലങ്ങാട്: രാജ്യത്തെ ഏറ്റവും മികച്ച 150 കോളേജുകളുടെ പട്ടികയില്‍ ഇടം പിടിച്ച് കുറവിലങ്ങാട് ദേവമാതാ കോളേജ്. ഈ വര്‍ഷത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിംഗ് ഫ്രെയിം വര്‍ക്കില്‍ കോളേജ് വിഭാഗത്തില്‍ ദേശീയതലത്തില്‍ മികച്ച 150 സ്ഥാപനങ്ങളുടെ പട്ടികയില്‍ ദേവമാതാ കോളേജും ഇടം പിടിച്ചു.
പഠന ബോധന സൗകര്യങ്ങള്‍, ഗവേഷണവും വൈദഗ്ധ്യ പരിശീലനവും, ബിരുദ ഫലങ്ങള്‍, സാമൂഹ്യ ക്ഷേമ പ്രവര്‍ത്തന പങ്കാളിത്തവും ഉള്‍ക്കൊള്ളലും, സഹസ്ഥാപനങ്ങളുടെ അഭിപ്രായം എന്നിവ കണക്കിലെടുത്താണ് ഈ പട്ടിക തയ്യാറാക്കുന്നത്.
രാജ്യമൊട്ടാകെയുള്ള 3371 കോളേജുകളാണ് ഇപ്രാവശ്യം റാങ്കിംഗിനായി അപേക്ഷിച്ചിരുന്നത്. അതിലാണ് ആദ്യ 150 സ്ഥാനങ്ങളിലൊന്നായി കുറവിലങ്ങാട് ദേവമാതാ കോളേജ് ഇടം കണ്ടെത്തിയത്. നൂറിനും നൂറ്റമ്പതിനുമിടയിലുള്ള മികവിന്റെ പട്ടികയിലാണ് ദേവമാതാ കോളേജ് ഇടം പിടിച്ചത്.
എം.ജി. യൂണിവേഴ്‌സിറ്റിയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ളതും ഇപ്പോള്‍ ഓട്ടോണമസ് പദവിയില്ലാത്തതുമായ എയ്ഡഡ് കോളേജുകളില്‍ കോട്ടയം ജില്ലയില്‍ ഏറ്റവും ഉയര്‍ന്ന എന്‍. ഐ. ആര്‍. എഫ്. റാങ്കിംഗ് ലഭിച്ചിരിക്കുന്നതു് ദേവമാതായ്ക്കാണ്.
നാക് ഗ്രേഡിംഗില്‍ 3.67 എന്ന ഉയര്‍ന്ന സ്‌കോറോടെ എ പ്ലസ് പ്ലസ് കരസ്ഥമാക്കിയ ദേവമാതായ്ക്ക് വജ്രജൂബിലി വര്‍ഷത്തില്‍ ലഭിച്ച മറ്റൊരു പൊന്‍തൂവലാണിത്. പാലാ രൂപതയുടെ കോളെജുകളില്‍ ഏറ്റവും ഉയര്‍ന്ന നാക് ഗ്രേഡ് പോയിന്റുള്ള ദേവമാതായ്ക്ക് ആ സ്ഥാനം എന്‍.ഐ.ആര്‍.എഫ് റാങ്കിംഗിലും നിലനിര്‍ത്താന്‍ സാധിച്ചു. എന്‍.ഐ.ആര്‍.എഫ് നോഡല്‍ ഓഫീസര്‍ ഡോ. ടീന സെബാസ്റ്റ്യനാണ് കോളെജ് തല പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.
കോളെജ് മാനേജര്‍ ആര്‍ച്ച് പ്രീസ്റ്റ് വെരി റവ.ഡോ. അഗസ്റ്റിന്‍ കൂട്ടിയാനിയില്‍, പ്രിന്‍സിപ്പല്‍ ഡോ. സുനില്‍ സി. മാത്യു, വൈസ് പ്രിന്‍സിപ്പല്‍ റവ.ഫാ. ഡിനോയി കവളമ്മാക്കല്‍, ബര്‍സാര്‍ റവ. ഫാ.ജോസഫ് മണിയഞ്ചിറ എന്നിവരുടെ നേതൃത്വത്തിലുള്ള കൂട്ടായ പ്രവര്‍ത്തനമാണ് ദേവമാതായെ ഈ സുവര്‍ണ നേട്ടത്തിലേക്ക് നയിച്ചത്. കുറവിലങ്ങാട് ഇടവകക്കാരുടെ അകമഴിഞ്ഞ പിന്തുണയും വിദ്യാഭ്യാസ കാര്യങ്ങളിലുള്ള തല്പരതയും ദീര്‍ഘവീക്ഷണവുമാണ് ദേവമാതാ കോളേജിന്റെ മുതല്‍ക്കൂട്ട്.