ദേവികുളം കുറിഞ്ഞിസങ്കേതം: ഡിജിറ്റൽ സർവേ പരിഗണനയിലെന്ന് മന്ത്രി
തിരുവനന്തപുരം: ദേവികുളം കുറിഞ്ഞി സങ്കേതവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഹരിക്കുന്നതിന് റവന്യൂ, ഫോറസ്റ്റ്, സർവ്വെ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചുകൊണ്ട് അടിയന്തരമായി യോഗം വിളിക്കുമെന്ന് റവന്യു മന്ത്രി കെ. രാജൻ നിയമസഭയിൽ അറിയിച്ചു. നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിരുകൾ നിർണ്ണയിക്കുക, ഭൂമി പ്രശ്നം പരിഹരിക്കുക, സർവേ നടത്തുക, പട്ടയങ്ങളുടെ ആധികാരികത പരിശോധിക്കുക, ഉദ്ദേശവിജ്ഞാപനത്തിൽപ്പെട്ട ഭൂമിയിൽ താമസിച്ച് കൃഷിചെയ്ത് വരുന്നവരെ ഒഴിപ്പിക്കാതെ അവർക്ക് പട്ടയം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുക എന്നിവയാണ് പരിഹരിക്കപ്പെടേണ്ട പ്രധാനപ്പെട്ട പ്രശ്നങ്ങൾ. ഇതിനായി ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് വനഭൂമിയും പട്ടയഭൂമിയും തിട്ടപ്പെടുത്തേണ്ടതുണ്ട്. ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കുന്നതിന് കുറിഞ്ഞിമല ഉദ്യാനത്തിന്റെ സെറ്റിൽമെന്റ് ഓഫീസറായി പ്രത്യേക ചുമതല നൽകി ഒരു ഉദ്യോഗസ്ഥനെ നിയമിക്കുന്ന കാര്യവും സർക്കാരിന്‍റെ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.
ഇതോടൊപ്പം വിജ്ഞാപനവുമായി ബന്ധപ്പെട്ട ചില നിയമ പ്രശ്നങ്ങളിൽ അഡ്വക്കേറ്റ് ജനറലിനോട് ഒരു നിയമോപദേശം സ്പെഷ്യൽ ഓഫീസർ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അഡ്വക്കേറ്റ് ജനറൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻമാരുടെ ഒരു യോഗം നടത്തിയെങ്കിലും നിയമോപദേശം ലഭ്യമാക്കിയിട്ടില്ല. നിയമോപദേശം ലഭ്യമാക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കാൻ സ്പെഷ്യൽ ഓഫീസർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ സങ്കേതത്തിന്‍റെ അതിരുകൾ തിട്ടപ്പെടുത്തതിന് പ്രസ്തുത വില്ലേജുകളിൽ ഡിജിറ്റൽ സർവേ നടത്തുന്ന കാര്യവും സർക്കാരിൻറെ പരിഗണനയിലാണെന്നും നിയമസഭയിൽ എ രാജ എം.എൽ.എയുടെ സബ്മിഷന് മറുപടിയായി റവന്യൂ മന്ത്രി പറഞ്ഞു.