അമ്മമാരുടെ മഹാസമ്മേളനമൊരുക്കി ദേവമാതാ കോളെജ്
കുറവിലങ്ങാട്: ദേവമാതാ കോളെജ് വിമൻസ് ഫോറത്തിൻ്റെ അഭിമുഖ്യത്തിൽ അമ്മമാരുടെ മഹാസമ്മേളനം ഇന്ന് ( 12/8/2023, ശനി) നടക്കും. കോളെജിലെയും സെൻ്റ് മേരീസ് സ്കൂളുകളിലെയും മുഴുവൻ വിദ്യാർത്ഥികളുടെയും അമ്മമാർക്ക് മാത്രമായാണ് സുകൃതം 2023 എന്ന ഏകദിന ശില്പശാല സജ്ജീകരിച്ചിരിക്കുന്നത്.
പുതിയ കാലത്തിൻ്റെ വെല്ലുവിളികളെ അഭിമുഖീകരിക്കാൻ അമ്മമാരെ പ്രാപ്തരാക്കുക, ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കുക, ലഹരിക്കെതിരെയുള്ള ബോധ്യങ്ങളെ ബലപ്പെടുത്തുക എന്നിവയാണ് ശില്പശാല ലക്ഷ്യം വയ്ക്കുന്നത്.
കോളെജ് പ്രിൻസിപ്പാൾ ഡോ.സുനിൽ സി.മാത്യുവിൻ്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം കോളെജ് മാനേജർ ആർച്ച് പ്രീസ്റ്റ് വെരി. റവ. ഡോ. അഗസ്റ്റ്യൻ കൂട്ടിയാനിയിൽ ഉദ്ഘാടനം ചെയ്യും. വൈസ് പ്രിൻസിപ്പാൾ റവ.ഫാ.ഡിനോയി കവളമാക്കൽ, ശ്രീമതി വിദ്യ ജോസ്, റവ.സി. ഫാൻസി പോൾ എന്നിവർ യോഗത്തെ അഭിസംബോധനചെയ്യും. ഡോ. അരുണിമ സെബാസ്റ്റ്യൻ, ശ്രീമതി അഞ്ജു ബി., ഡോ. ജോബിൻ ജോസ്, ശ്രീ. ജിതിൻ ജോയി എന്നിവർ ശില്പശാലക്ക് നേതൃത്വം നൽകും.
മൂന്ന് സെഷനുകളായാണ് ശില്പശാല സജ്ജീകരിച്ചിരിക്കുന്നത്. സൗഖ്യമുള്ള സ്ത്രീ ജീവിതത്തിലേക്ക് എന്ന വിഷയത്തിൽ ഡോ. അഞ്ജു റോസ് ജോർജ് എം.ബി.ബി.എസ്. , എം. ഡി. ( ഫിസീഷ്യൻ ഗവ. താലൂക്ക് ഹോസ്പിറ്റൽ പാമ്പാടി )
ക്ലാസ് നയിക്കും. തുടർന്ന് ആഹ്ലാദപൂർണ മാതൃത്വത്തിലേക്ക് എന്ന വിഷയത്തിൽ പ്രശസ്ത പോസിറ്റീവ് സൈക്കോളജിസ്റ്റ് സന്തോഷ് ശിശുപാലിൻ്റെ ( മനോരമ ആരോഗ്യ മാസിക) പ്രഭാഷണം ഉണ്ടായിക്കും. തുടർന്ന് യുവത്വത്തിന് കൂട്ടായ മാതൃത്വം എന്ന വിഷയത്തിൽ സിവിൽ എക്സൈസ് ഓഫീസർ ദീപേഷ് എ.എസ്.ക്ലാസ് നയിക്കും. അമ്മമാർക്ക് സംശയങ്ങൾ ചോദിക്കുവാനും നിർദ്ദേശങ്ങൾ സമർപ്പിക്കുവാനുമുള്ള അവസരമൊരുക്കുന്ന പൊതുചർച്ചയും ശില്പശാലയുടെ ഭാഗമാണ്.