ശബരിമലയില്‍ ഭക്തജന പ്രവാഹം: ഞായറാഴ്ച മാത്രം എത്തിയത് ഒരു ലക്ഷത്തിലധികം ഭക്തര്‍
പത്തനംതിട്ട: മണ്ഡലപൂജയ്ക്ക് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ശബരിമല സന്നിധാനത്തില്‍ ദര്‍ശനത്തിനെത്തുന്നവരുടെ എണ്ണത്തില്‍ പുത്തന്‍ റെക്കോഡ്. ഞായറാഴ്ച മാത്രം 18-ാം പടി കടന്ന് ദര്‍ശനം നടത്തിയത് ഒരു ലക്ഷത്തിലധികം ഭക്തരാണ്. 1,00,969 പേരാണ് കഴിഞ്ഞദിവസം സന്നിധാനത്തെത്തിയത്. ഇതില്‍ 5798 പേര്‍ പുല്ലുമേട് വഴിയാണ് എത്തിയത്. ഇതോടെ കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ഇന്നലെ വരെ ദര്‍ശനം നടത്തിയവരുടെ എണ്ണം അഞ്ച് ലക്ഷം കവിഞ്ഞു. ഈ സീസണിലെ ഏറ്റവും തിരക്കേറിയ ദിവസമായി മാറി ഇന്നലെ.
ഇന്ന് പുലര്‍ച്ചെയും ശബരീശ സന്നിധിയില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. നീലിമല മുതല്‍ സന്നിധാനം വരെ ഭക്തരുടെ നീണ്ട ക്യൂവാണ്. പലര്‍ക്കും 15 മണിക്കൂറോളം കാത്തുനിന്നാണ് ദര്‍ശനം സാദ്ധ്യമായത്. തിരക്ക് നിയന്ത്രിക്കാന്‍ ദുരന്ത നിവാരണ സേനയും ദ്രുത കര്‍മ്മസേനയും സന്നിധാനത്തും പമ്പയിലും ഉണ്ടെങ്കിലും ഇവരുടെ സേവനം ശരണപാതയില്‍ ലഭ്യമാക്കുന്നില്ല.ഇന്നലെ പകല്‍ വാഹനങ്ങള്‍ പത്തനംതിട്ട ഇടത്താവളത്തിലും പെരുനാട്, ളാഹ, പ്ലാപ്പള്ളിയിലും എരുമേലി, കണമല, നാറാണംതോട്, ഇലവുങ്കല്‍ എന്നിവിടങ്ങളിലും മണിക്കൂറുകളോളം തടഞ്ഞു. നിലയ്ക്കലിലും വന്‍തിരക്കാണ്.